തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനാവാതെ നേതൃനിരയിലെ ഉരുൾപൊട്ടലും ഉൾപ്പോരും ബി. ജെ. പിയെ വലയ്ക്കുന്നു.
ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രൻ അടക്കമുള്ളവരെ അനുനയിപ്പിക്കാനുള്ള ഇടപെടൽ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചയ്ക്ക് എത്തിയ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ ആർ.എസ്.എസ് സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് സൂചന. ആർ.എസ്.എസിന് താല്പര്യമുള്ള നേതാവാണ് ശോഭ. എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശോഭാ സുരേന്ദ്രൻ പരസ്യപ്രതികരണം നടത്തി വിവാദമുണ്ടാക്കിയതിൽ ആർ.എസ്.എസിന് അതൃപ്തിയുണ്ട്. തൽക്കാലം തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാനാണ് ആർ.എസ്.എസിന്റെ നിർദ്ദേശം.
നേതൃനിരയിലെ ശീതസമരം തൃശൂർ ഒഴികെ മിക്ക ജില്ലകളിലും അസ്വാരസ്യങ്ങൾ വിതയ്ക്കുന്നുണ്ട്. പക്ഷേ, സുരേന്ദ്രന് അഖിലേന്ത്യാ നേതൃത്വത്തിന്റെ പൂർണ പിന്തുണയുണ്ട്. ആർ.എസ്.എസ് ദേശീയ നേതൃത്വത്തിലും ഒരു വിഭാഗം സുരേന്ദ്രനെ തുണയ്ക്കുന്നു. ഇടഞ്ഞുനിന്ന പി.കെ. കൃഷ്ണദാസ് പക്ഷം കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായ ശേഷം അയഞ്ഞമട്ടാണ്. കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ പ്രോട്ടോക്കോൾ വിവാദത്തിൽ പാർട്ടിയിലെ ഒരു വിഭാഗം കരുക്കൾ നീക്കിയെന്ന ആക്ഷേപം കേന്ദ്രനേതൃത്വത്തിന് നീരസമുണ്ടാക്കിയിരുന്നു. പോര് അവസാനിപ്പിക്കാൻ കേന്ദ്രനേതൃത്വം കർശന താക്കീതും നൽകി. അതോടെയാണ് കൃഷ്ണദാസ് പക്ഷം പരസ്യമായ ഏറ്റുമുട്ടലിനില്ലെന്ന സന്ദേശം നൽകിയത്. കെ. സുരേന്ദ്രൻ നേതൃത്വം ഏറ്റശേഷം, ജനസ്വാധീനമുള്ള തനിക്ക് പാർട്ടി വേദികളിൽ കാര്യമായ പരിഗണന കിട്ടുന്നില്ലെന്നാണ് ശോഭയുടെ പരാതി.
ഇടഞ്ഞു നിൽക്കുന്നവരെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അനുനയിപ്പിക്കുക വെല്ലുവിളിയാവും. തിരുവനന്തപുരം കോർപ്പറേഷനിലടക്കം മികച്ച നേട്ടം ഉണ്ടായില്ലെങ്കിൽ പോര് രൂക്ഷമാകും.