തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സർക്കാരിന്റെ ചെലവ് ചുരുക്കാനുള്ള വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവായി.
ഓരോവകുപ്പും എങ്ങനെ ചെലവ് ചുരുക്കാമെന്ന് വകുപ്പ് മേധാവികളെ അറിയിക്കണം. ഈ വർഷം കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, ഫർണിച്ചർ വാങ്ങൽ, വാഹനം വാങ്ങൽ തുടങ്ങിയവ വിലക്കി. ഔദ്യോഗിക ചർച്ചകൾ ഓൺലൈനിലാക്കി. സർക്കാർ ഓഫീസിൽ ഉപയോഗിക്കാത്ത സ്ഥലം വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾക്ക് നൽകണം.
പാട്ടത്തുക പിരിക്കാൻ മിഷൻ മോഡിലുള്ള ടാസ്ക് ഫോഴ്സ് തുടങ്ങണം. ഉപയോഗശൂന്യമായ ഭൂമി തിരിച്ചുപിടിക്കണം. വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളിലെ പ്രവൃത്തി എടുക്കുന്നവരുടെയും ബില്ലുകൾ ബിൽ ഡിസ്കൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് മാറ്രും.
എല്ലാ സർക്കാർ വാഹനങ്ങളുടെയും വാടകയ്ക്ക് ഓടുന്ന വാഹനങ്ങളുടെയും വിവരങ്ങൾ ധനവകുപ്പിന്റെ വീൽസ് എന്ന വെബ് അധിഷ്ഠിത സിസ്റ്രത്തിൽ രേഖപ്പെടുത്തണം. തസ്തിക സൃഷ്ടിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ. ഉപേക്ഷിച്ച പദ്ധതികളിൽ ജോലി ചെയ്യുന്നവരെ പുനർവിന്യസിക്കും.
പൊതുമരാമത്ത്, ജലഅതോറിട്ടി എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ ബില്ലിംഗ് തുടങ്ങിയവ സാങ്കേതിക ജീവനക്കാർ തന്നെ ചെയ്യണം. ഇതു ചെയ്തിരുന്ന ക്ലറിക്കൽ ജീവനക്കാരെ പുനർവിന്യസിക്കും. സ്റ്രാറ്ര്യൂട്ടറി അല്ലാത്ത ജൂഡിഷ്യൽ കമ്മിഷനുകളെ ഒരു ഏകോപിത സംവിധാനത്തിന് കീഴിലാക്കും
മറ്റു പ്രധാന നിർദ്ദേശങ്ങൾ
ലീവ് സറണ്ടർ ഈ മാസം മുതൽ അനുവദിക്കുമെങ്കിലും പി.എഫിലേക്ക് മാറ്രിയ ശേഷം ജൂൺ ഒന്നിന് ശേഷമേ പിൻവലിക്കാൻ കഴിയൂ. അടുത്ത സാമ്പത്തിക വർഷവും സറണ്ടർ ജൂണിലേ നൽകൂ
ശൂന്യ അവധി 20 വർഷത്തിൽ നിന്ന് 5 വർഷമാക്കി കുറച്ചു. അതിന് ശേഷവും ലീവിൽ തുടർന്നാൽ ഡീംഡ് റസിഗ്നേഷനായി കണക്കാക്കും
കോളേജ് അദ്ധ്യാപക തസ്തിക നിർണയം ആഴ്ചയിൽ 16 മണിക്കൂർ അദ്ധ്യാപനത്തെ അടിസ്ഥാനപ്പെടുത്തി. ഈ വർഷം ജൂൺ ഒന്ന് കണക്കാക്കി തസ്തിക സൃഷ്ടിക്കും
സ്കൂളുകളിൽ ഒരു കുട്ടി എണ്ണത്തിൽ അധികമായാൽ ഒരു തസ്തിക സൃഷ്ടിക്കുന്നത് ഒഴിവാക്കും. തസ്തിക സൃഷ്ടിക്കാനുള്ള അധികാരം സർക്കാരിന്
എയ്ഡഡ് തസ്തിക സൃഷ്ടിക്കുമ്പോൾ പ്രൊട്ടക്ടഡ് അദ്ധ്യാപകർക്ക് മുൻഗണന നൽകും
ഫയലുകൾ കൈകാര്യം ചെയ്യുന്നത് ഇ-ഓഫീസ് വഴിയാണെങ്കിൽ അധികം വരുന്ന ടൈപ്പിസ്റ്ര് തസ്തിക പുനർവിന്യസിക്കും
ഒരുദ്യോഗസ്ഥൻ മൂന്ന് മാസത്തിലധികം ലീവെടുത്താൽ പ്രൊമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് നിറുത്തും
ക്ഷേമനിധി, കമ്മിഷൻ അതോറിട്ടി, സൊസൈറ്രി തുടങ്ങിയവയിൽ ഇരട്ടിപ്പ് വരുന്നവ ഒഴിവാക്കി ജീവനക്കാരെ പുനർവിന്യസിക്കും.