തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്ക് പ്രവശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് അടുത്തയാഴ്ച നടക്കും. അതിനുമുമ്പ് വിദ്യാർത്ഥികൾക്ക് ഓപ്ഷൻ നൽകുന്നതിന് അവസരം നൽകും. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ അനുമതിയോടെ മാത്രമേ തുടർന്നുള്ള അലോട്ട്മെന്റും കൗൺസലിംഗും നടത്തുകയുള്ളൂ.
എൻജിനിയറിംഗ് കോഴ്സുകളുടെ പ്രവേശനത്തിന് ഒന്നും രണ്ടും അലോട്ട്മെന്റുകൾ കഴിഞ്ഞിട്ടായിരുന്നു കോളേജുകളിൽ ചേരാൻ അവസരം നൽകിയത്. ആ മാതൃക തുടരണമോ ആദ്യ അലോട്ട്മെന്റ് കിട്ടുന്നവർക്ക് മുൻ വർഷങ്ങളിലെപ്പോലെ ഉടനെ കോളേജുകളിൽ ചേരാൻ അനുമതി നൽകണമോ എന്ന കാര്യം പിന്നീടേ തീരുമാനിക്കൂ. ഡിസംബർ 15നകം പ്രവേശനം പൂർത്തികരിക്കും.
എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ്, ബി.വി.എസ്‌സി ആൻഡ് എ.എച്ച്, ബി എസ്‌സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ, ബി.എസ്‌സി (ഓണേഴ്സ്) ഫോറസ്ട്രി, ബി.എഫ്.എസ്.സി, ബി.ഫാം കോഴ്സിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അലോട്ട്‌മെന്റ്.
സീറ്റ് ഇങ്ങനെ
എം.ബി.ബി.എസിന് ഒൻപത് സർക്കാർ മെഡിക്കൽ കോളേജുകളിലെ 1078 സീറ്റിലും 16 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 2,800 സീറ്റിലുമാണ് അലോട്ട്‌മെന്റ്
ബി.ഡി.എസിന് അഞ്ച് ഗവ. ഡെന്റൽ കോളേജുകളിലായി 203 സീറ്റും 19 സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലായി 1,773 സീറ്റുമുണ്ട്
ബി.എ.എം.എസിന് അഞ്ച് ഗവ. ആയുർവേദ കോളേജുകളിലായി 239 സീറ്റുകളുണ്ട്