തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകാൻ സർക്കാർ പ്രഖ്യാപിച്ച ലാപ്ടോപ്പ് മൈക്രോ ചിട്ടി പദ്ധതി പാതിവഴിയിൽ. പലിശരഹിത വ്യവസ്ഥയിൽ ലാപ്ടോപ്പ് നൽകാൻ കുടുംബശ്രീയും കെ.എസ്.എഫ്.ഇയും ചേർന്ന് ആരംഭിച്ച പദ്ധതി പ്രഖ്യാപിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും ലാപ്ടോപ്പ് വിതരണം തുടങ്ങിയില്ല.
15,000 രൂപ വിലയുള്ള ലാപ്ടോപ്പിനായി 1.07 ലക്ഷം പേരാണ് ചിട്ടിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുടുംബശ്രീ വഴി പ്രതിമാസം 500 രൂപ വീതം 30 മാസം അടയ്ക്കുന്നതാണ് പദ്ധതി. ആദ്യത്തെ മൂന്ന് മാസം കഴിയുമ്പോൾ ലാപ്ടോപ്പ് വാങ്ങാനുള്ള പണം കെ.എസ്.എഫ്.ഇ നൽകും. അടവ് മുടക്കാത്തവർക്ക് 1500 രൂപ കെ.എസ്.എഫ്.ഇ സബ്സിഡിയുമുണ്ട്.
മൂന്ന് മാസത്തിനകം രണ്ട് ലക്ഷം ലാപ്ടോപ്പുകൾ നൽകുമെന്നാണ് ജൂലായ് ആദ്യവാരത്തിൽ നടന്ന പദ്ധതി പ്രഖ്യാപന വേളയിൽ ധനമന്ത്രി പറഞ്ഞത്. എന്നാൽ, ടെൻഡർ നടപടികൾക്കപ്പുറം കാര്യങ്ങൾ എവിടെയും എത്തിയിട്ടില്ല. താത്പര്യപത്രം നൽകിയ നാല് കമ്പനികളെ ഉൾപ്പെടുത്തി ഐ.ടി മിഷൻ ടെൻഡർ ക്ഷണിച്ചു. നടപടികൾ അവസാനഘട്ടത്തിലാണ്. നടപടിക്രമങ്ങളെല്ലാം പൂർത്തിയായി ലാപ്ടോപ്പ് ലഭിക്കണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും.
ടെൻഡറുമായി ബന്ധപ്പെട്ട നടപടികൾ നടപ്പാക്കുന്നത് ഐ.ടി മിഷനും ഐ.ടി @സ്കൂൾ പദ്ധതിയും ചേർന്നാണ്. ടെൻഡർ നടപടികൾ പൂർത്തീകരിച്ചാലും ഇത്രയും ലാപ്ടോപ്പുകൾ ഒന്നിച്ചുലഭിക്കുക പ്രായോഗികമല്ലെന്നാണ് അധികൃതർ പറയുന്നത്. ചൈനീസ് കമ്പനികൾക്ക് രാജ്യത്ത് നിയന്ത്രണങ്ങൾ വന്നതോടെ ലാപ്ടോപ്പ് നിർമാണത്തിലടക്കം പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ലാപ്ടോപ്പുകൾ കിട്ടാൻ വൈകിയാൽ ഘട്ടം ഘട്ടമായുള്ള വിതരണമേ നടക്കൂ.
രണ്ട് ലക്ഷം ലാപ്ടോപ്പ് വാങ്ങുന്നതിനായി 300 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം എപ്പോൾ വേണമെങ്കിലും തുക നൽകാൻ കെ.എസ്.എഫ്.ഇ സജ്ജമാണ്. പദ്ധതിയുടെ ടെൻഡർ അടക്കമുള്ള ടെക്നിക്കൽ കാര്യങ്ങൾ കെ.എസ്.എഫ്.ഇ നേരിട്ടല്ല ചെയ്യുന്നത്.
- പീലിപ്പോസ് തോമസ്
കെ.എസ്.എഫ്.ഇ ചെയർമാൻ