jaleel

തിരുവനന്തപുരം: തന്റെ വീട്ടിൽ റെയ്ഡിന് ഇ.ഡിയെ പരിഹാസരൂപേണ ക്ഷണിച്ച് 48 മണിക്കൂർ തികയും മുൻപ് മന്ത്രി കെ.ടി.ജലീലിന് ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിൽ ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകി.

ചട്ടവിരുദ്ധമായി മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതിന് യു.എ.ഇ കോൺസുലേറ്റിനെതിരായ കേസിലാണ് നടപടി. ജലീലിനെ പ്രതിയാക്കേണ്ടിവരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

ജലീലിന്റെ ഗൺമാൻ പ്രജീഷിന്റെ മൊബൈൽ ഫോണിലെ മായ്ചുകളഞ്ഞ വിവരങ്ങൾ വീണ്ടെടുത്ത ശേഷമാണ് കസ്‌റ്റംസിന്റെ ചോദ്യം ചെയ്യൽ. നേരത്തേ എൻ.ഐ.എയും ഇ.ഡിയും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.

മതഗ്രന്ഥങ്ങൾ മലപ്പുറത്ത് എത്തിച്ചതായി ഇ.ഡിയോടും എൻ.ഐ.എയോടും ജലീൽ സമ്മതിച്ചിട്ടുണ്ട്. ഇ.ഡിക്ക് നൽകിയ മൊഴി തെളിവായതിനാൽ മാറ്റിപ്പറയാനാവില്ല. മതഗ്രന്ഥങ്ങളടങ്ങിയ കാർഗോ മന്ത്രിക്ക് കൈമാറിയെന്ന് സ്വപ്നയും മൊഴിനൽകിയിട്ടുണ്ട്.

കോൺസുലേറ്റ് സാധനങ്ങൾ എന്ന വ്യാജേന നികുതി ഇളവുൾപ്പെടെ നേടിയാണ് മതഗ്രന്ഥങ്ങളും 17,000കിലോ ഈന്തപ്പഴവും ഉൾപ്പെടുന്ന കാർഗോകൾ കൊണ്ടുവന്നതെന്ന് കസ്റ്റംസ് പറയുന്നു. കോൺസൽ ജനറലിനെ മറയാക്കി കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ്, കോൺസൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന, പി.ആർ.ഒയായിരുന്ന സരിത്ത് എന്നിവരാണ് ഇതിന് പിന്നിലെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.സ്വപ്ന നിയമനം നേടിക്കൊടുത്ത കോൺസുലേറ്റിലെ ചില ജീവനക്കാർക്കും പങ്കുണ്ട്.

മന്ത്രിക്ക് കുരുക്ക് ഇങ്ങനെ

ചോദ്യം ചെയ്യൽ സത്യം ബോധിപ്പിക്കാനുള്ള സുവർണാവസരമാണ്. തിങ്കളാഴ്ച കസ്റ്റംസിനു മുന്നിൽ ഹാജരാകും.

-കെ.ടി.ജലീൽ, മന്ത്രി