തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ കേസന്വേഷണത്തിന്റെ പേരിൽ വിളിച്ചുവരുത്താനുള്ള നീക്കത്തിൽ വിശദീകരണം തേടിയുള്ള നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ് നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയതോടെ കേന്ദ്രവും സംസ്ഥാനവും തമ്മിൽ പുതിയൊരു പോർമുഖം തുറന്നു.
ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ പി. രാധാകൃഷ്ണൻ നായർക്കെതിരെയാണ് പരാതി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനും സമിതി തീരുമാനിച്ചേക്കും.
ഇ.ഡിക്കെതിരെ സി.പി.എം എം.എൽ.എയായ ജെയിംസ് മാത്യു നൽകിയ പരാതി അടിയന്തരമായി ചേർന്ന എത്തിക്സ് കമ്മിറ്റി പരിഗണിക്കുകയായിരുന്നു. സഭാസമിതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് പ്രതിപക്ഷഅംഗം വി.എസ്. ശിവകുമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മറ്റൊരു പ്രതിപക്ഷ അംഗമായ മോൻസ് ജോസഫ് യോഗത്തിനെത്തിയില്ല.
വടക്കാഞ്ചേരിയിലെ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിൽ സംസ്ഥാനത്തെ ലൈഫ് മിഷൻ പദ്ധതിയെയാകെ തകർക്കുന്നുവെന്നാണ് സി.പി.എം ആക്ഷേപം. ഇ.ഡിക്ക് കള്ളപ്പണ ഇടപാടിനെക്കുറിച്ചന്വേഷിക്കാനേ അധികാരമുള്ളൂവെന്നും സർക്കാർപദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയമാണെന്നും ഇടതുമുന്നണി കരുതുന്നു.
ഈ മാസം മൂന്നിനാണ് ജെയിംസ് മാത്യു പരാതി നൽകിയത്. സാധാരണഗതിയിൽ സ്പീക്കർ അത് പരിശോധനയ്ക്കയക്കുന്നതാണ് പതിവ്. അങ്ങനെ ചെയ്യാതെ നാലാം തീയതി എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. 11ന് ചേരാനിരുന്ന എത്തിക്സ് കമ്മിറ്റി അഞ്ചാം തീയതി ചേരാൻ സമിതി ചെയർമാനായ സി.പി.എം അംഗം എ. പ്രദീപ്കുമാർ അറിയിപ്പും നൽകി. ഇതൊക്കെ അസാധാരണമെന്ന് പ്രതിപക്ഷം പറയുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയ കേരളനിയമസഭയെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അവഹേളിച്ചെന്ന് കാട്ടി കെ.സി. ജോസഫ് ജനുവരി 28ന് നൽകിയ പരാതി ഇതുവരെ സമിതി പരിഗണിച്ചിട്ടില്ലെന്നും സർക്കാർ സഭയ്ക്ക് നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ പരിശോധിക്കേണ്ടത് ഉറപ്പുകൾ സംബന്ധിച്ച സഭാസമിതിയാണെന്നും പ്രതിപക്ഷം പറയുന്നു. ലൈഫ് മിഷൻ അന്വേഷണത്തെ തടസ്സപ്പെടുത്തുകയല്ല നോട്ടീസിന്റെ ലക്ഷ്യമെന്ന് നിയമസഭാ സെക്രട്ടറി പറഞ്ഞു.