man

മലയിൻകീഴ്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നിർമ്മാണം ആരംഭിച്ച മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം യാഥാർത്ഥ്യമാകണമെങ്കിൽ ഇനിയും കാത്തിരിക്കണം. 20 വർഷമായി മലയിൻകീഴ് പഞ്ചായത്തുവക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. തുടക്കത്തിൽ വാടക നൽകിയിരുന്നെങ്കിലും പിന്നീട് പഞ്ചായത്ത് അധികൃതർ ഇത് ഒഴിവാക്കി നൽകുകയായിരുന്നു. 2019ലാണ് പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് കെട്ടിട നിർമ്മാണത്തിനായി തറക്കല്ലിട്ടത്.

ഗവൺമെന്റ് പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരുകോടി 9 ലക്ഷം രൂപ വിനിയോഗിച്ചാണ് മലയിൻകീഴ് ആനപ്പാറയിൽ ഇരുനില മന്ദിരം നിർമ്മിക്കുന്നത്.

2020 ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു കരാറുകാരൻ അറിയിച്ചത്. എന്നാൽ ഭൂമിയിലുണ്ടായിരുന്ന കൂറ്റൻ പാറയാണ് പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചത്. പകുതി ജോലികൾ മാത്രമാണ് ഇതുവരെയും പൂർത്തിയാക്കാനായത്. ശേഷിക്കുന്ന നിർമ്മാണം എന്ന് തീർക്കാനാകുമെന്ന കാര്യത്തിൽ ആർക്കും വ്യക്തമായ മറുപടിയില്ല. നിലവിൽ യാതൊരു സൗകര്യമില്ലാത്ത കെട്ടിടത്തിലാണ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്. ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്നവരും ഇതുകാരണം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇത് പരിഹരിക്കുന്നതിന് കെട്ടിട നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം.

കാര്യങ്ങൾ ഇങ്ങനെ

മലയിൻകീഴ് ഗവ. കോളേജ്, ഗവ.ഐ.ടി.ഐ.എന്നിവ പ്രവർത്തിക്കുന്നതിന് സമീപത്താണ് ആദ്യം കെട്ടിട നിർമ്മാണം തീരുമാനിച്ചത്. എന്നാൽ സ്ഥലം അനുയോജ്യമല്ലെന്ന കാരണത്താൽ ഈ നീക്കം ഉപേക്ഷിച്ചു.

2005ലെ പഞ്ചായത്ത് ഭരണസമിതി മലയിൻകീഴ് വില്ലേജ് ഓഫീസ് വളപ്പിൽ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും ഇതും പലവിധ കാരണങ്ങളാൽ നടന്നില്ല. പിന്നീടാണ് മലയിൻകീഴ് ഗസ്റ്റ് ഹൗസിന് സമീപത്ത് സ്ഥലം കണ്ടെത്തിയത്. എഴ് സെന്റ് സ്ഥലമാണ് നിർമ്മാണത്തിന് അനുവദിച്ചത്. എന്നാൽ പഞ്ചായത്ത് ഭരണസമിതി മാറിയതോടെ നിർമ്മാണം അവതാളത്തിലാകുകയായിരുന്നു.