ap-anilkumar

തിരുവനന്തപുരം: സോളാർ വിവാദനായികയുടെ പരാതിയിലെ പീഡനക്കേസിൽ യു.‌‌ഡി.എഫ് പ്രമുഖരുടെ അറസ്റ്റിന് നീക്കംതുടങ്ങി. പരാതിക്കാരിയുടെ മൊഴിയെടുപ്പും കൊച്ചിയിലെ ആഡംബരഹോട്ടലിൽ തെളിവെടുപ്പും പൂർത്തിയാക്കിയ ക്രൈംബ്രാഞ്ച്, മുൻമന്ത്രി എ.പി അനിൽകുമാറിനെ ഉടൻ ചോദ്യംചെയ്യും. യു.ഡി.എഫ് നേതാക്കൾക്കെതിരായ 14 പീഡനക്കേസുകളാണ് സർക്കാരിന്റെ തുറുപ്പുചീട്ട്. എല്ലാ കേസുകളിലും പരാതിക്കാരിയുടെ മൊഴിയെടുത്തു. പീഡനപരാതിയിൽ തെളിവില്ലെങ്കിൽ സാമ്പത്തികതട്ടിപ്പ് കു​റ്റംചുമത്തി വിജിലൻസ് കേസിനും നീക്കമുണ്ട്.

മലപ്പുറം, ഇടുക്കി ജില്ലകളിലെ ടൂറിസം പദ്ധതികളുടെ കാര്യംപറയാൻ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് അനിൽകുമാറിനെതിരായ മൊഴി. ആ പദ്ധതികൾക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്നതാണ് പൊരുത്തക്കേട്. അനിൽകുമാർ ഹോട്ടലിൽ താമസിച്ചതിന്റെ രേഖകളും കിട്ടിയിട്ടില്ല. യു.ഡി.എഫ് നേതാക്കൾക്കെതിരെ മാനഭംഗം, പണം കൈപ​റ്റൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഫോണിലൂടെ ശല്യംചെയ്യൽ, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

സർക്കാരിനെ വെട്ടിലാക്കിയ സ്വർണക്കടത്തിലും കോഴയിടപാടുകളിലും കേന്ദ്രഏജൻസികളുടെ അന്വേഷണം മുറുകവേയാണ് സോളാർകേസ് പൊടിതട്ടിയെടുത്തത്. മൂന്നുവർഷം അന്വേഷിച്ചിട്ടും കെ.സി.വേണുഗോപാൽ, അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ കേസുകളിൽ മാത്രമായിരുന്നു പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നത്. കഴിഞ്ഞ മൂന്നാഴ്ചകൊണ്ട് എല്ലാകേസുകളിലും മൊഴിയെടുപ്പ് പൂർത്തിയാക്കി. ജോസ് കെ.മാണിക്കും അബ്ദുള്ളക്കുട്ടിക്കുമെതിരേ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ ക്രൈംബ്രാഞ്ച് നേരത്തേ നടത്തിയ അന്വേഷണത്തിൽ തെളിയിക്കാനായിരുന്നില്ല.

കേസ് നിലനിൽക്കുമെന്ന് സർക്കാ‌‌ർ

നിർഭയകേസിനുശേഷം 2013ഏപ്രിൽ 2നുണ്ടായ ക്രിമിനൽ നിയമഭേദഗതിയാണ് സർക്കാരിന്റെ തുറുപ്പുചീട്ട്. സ്ത്രീകൾക്ക് നേരെയുള്ള പുരുഷന്റെ നോട്ടം,വാക്ക്, ചേഷ്ട എന്നിവയെല്ലാം ലൈംഗികക്കു​റ്റത്തിന്റെ പരിധിയിലാക്കി. ഇരയുടെ മൊഴി സാഹചര്യത്തെളിവുകളുടെ പിൻബലത്തോടെ പ്രധാനതെളിവായി അംഗീകരിക്കപ്പെട്ടതോടെ വൈദ്യപരിശോധനാ റിപ്പോർട്ട് അനിവാര്യമല്ലാതായി. കു​റ്റം തെളിയിക്കേണ്ട ബാദ്ധ്യത വാദിക്കില്ല. കുറ്റം ചെയ്തില്ലെന്ന് തെളിയിക്കേണ്ടത് പ്രതിയാണ്.

കേസ് റദ്ദാക്കാനാവില്ല

പരാതിക്കാരിയുടെ മൊഴിയെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കാൻ മേൽകോടതിയെ സമീപിച്ചാലും ഫലമുണ്ടാവില്ല. 20വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസായതിനാൽ, സെക്‌ഷൻ 172 പ്രകാരം കോടതിയിൽ റിപ്പോർട്ട് നൽകണം. കുറ്റക്കാരെങ്കിൽ അറസ്റ്റ് ചെയ്യണം. പക്ഷേ, പുനരന്വേഷണത്തിൽ ശക്തമായ സാഹചര്യ-ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയാലേ കേസും അറസ്റ്റും സാദ്ധ്യമാവൂ.

തിരഞ്ഞെടുപ്പുകളിൽ പൊന്തുന്ന കേസ്

2017ഒക്ടോബർ11ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ് സോളാർ കേസിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്. പരാതിക്കാരിയെ വിളിച്ചുവരുത്തി മൊഴിയെടുത്ത്, ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരേ രണ്ട് എഫ്.ഐ.ആറുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു.

പിന്നീട്, 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഹൈബി ഈഡൻ, അടൂർപ്രകാശ്, എ.പി അനിൽകുമാർ എന്നിവർക്കെതിരെയടക്കം 14കേസുകളെടുത്തു. ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാൻ, അഡി.ഡി.ജി.പി അനിൽകാന്ത്, ഐ.ജി ദിനേന്ദ്രകശ്യപ് എന്നിവർ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്മാറിയപ്പോൾ എ.ഡി.ജി.പി ഷേഖ് ദർവേഷ് സാബിഹിനെ നിയോഗിച്ചെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങി. കേസ് നിയമപരമായി നിലനിൽക്കുമോയെന്ന് സംശയമുണ്ടെന്ന് നിയമവിദഗ്ദ്ധരുടെ ഉപദേശം ലഭിച്ചതായി അനിൽകാന്ത് ഡി.ജി.പിയെ അറിയിച്ചിരുന്നു.