ssss

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെ‌ടുപ്പിനായി അരയും തലയും മുറക്കി മുന്നണികൾ. പ്രദേശിക വിഷയങ്ങളാണ് കൂടുതലായും വോട്ടർമാരെ സ്വാധീനിക്കുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്ന സംഭവങ്ങളും ഇക്കുറി തിരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയാകും. നിലവിൽ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും എൽ.ഡി.എഫിന്റെ കൈയിലാണ്. തുടക്കം മുതൽ മേൽക്കൈ നേടി മുന്നേറുക എന്ന തന്ത്രമാണ് ഇത്തവണയും എൽ.‌ഡി.എഫിന്റേത്. തദ്ദേശസ്ഥാപനങ്ങളിലെ ഭരണനേട്ടത്തോടൊപ്പം സർക്കാരിന്റെ ഭരണമികവു കൂടി എൽ.ഡി.എഫ് പ്രചാരണായുധമാക്കും.

കേന്ദ്ര,​ സംസ്ഥാന സർക്കാരുകളുടെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാകും പ്രധാനമായും യു.‌ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. തിരുവനന്തപുരം കോർപ്പറേഷനും ജില്ലാ പഞ്ചായത്തും ജില്ലയിലെ നഗരസഭകളും നേടുക ലക്ഷ്യമിട്ടാണ് യു.ഡി.എഫിന്റെ പ്രവർത്തനം. സ്ഥിരം മുഖങ്ങളെ മാറ്റി പരമാവധി പുതുമുഖങ്ങളെ രംഗത്തിറക്കി ലക്ഷ്യം നേടാനാണ് യു.ഡി.എഫ് തീരുമാനം. ഗ്രൂപ്പ് പോരുകൾ ജില്ലാ നേതൃത്വത്തിന് തലവേദനയാകുന്നുണ്ടെങ്കിലും സ്ഥാനാർത്ഥി നിർണയം കഴിയുന്നതോടെ പ്രദേശികമായി പാർട്ടിക്കുള്ളിലെ പ്രശ്‌ന‌ങ്ങൾ അവസാനിക്കുമെന്നാണ് കണക്കുകൂട്ടൽ. തലസ്ഥാന ജില്ലയെ സർക്കാർ അവഗണിച്ചെന്ന് വോട്ടർമാരെ ബോദ്ധ്യപ്പെടുത്തി വോട്ടുതേടാനാണ് യു.ഡി.എഫ് തീരുമാനം. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ നഗരസഭയും ജില്ലാ പഞ്ചായത്തും പരാജയപ്പെട്ടെന്നും പ്രചരിപ്പിക്കും. കേന്ദ്രസർക്കാർ തലസ്ഥാനത്ത് നടപ്പിലാക്കുന്ന സ്വദേശി ദർശൻ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ ഉയർത്തിക്കാട്ടിയും സംസ്ഥാന സർക്കാരിന്റെ വീഴ്ചയും ചൂണ്ടിക്കാട്ടിയാകും ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക. ഗ്രാമപഞ്ചായത്തുകളിലും നഗരസഭാ വാർഡുകളിലും അതത് പ്രദേശത്തെ വിഷയങ്ങളെ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് കീഴ് ഘടകങ്ങൾക്ക് ബി.ജെ.പി നിർദ്ദേശം നൽകിയിട്ടുള്ളത്. ആഞ്ഞുപിടിച്ചാൽ തലസ്ഥാനം ഭരിക്കാമെന്ന മോഹമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.