തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരികരിച്ചത്. കഴിഞ്ഞ 30 മുതൽ ഡൽഹിയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 11നാണ് മടങ്ങിയെത്തിയത്. ഡൽഹിയിലെ കേരളഹൗസിലെ കേരളപ്പിറവി ആഘോഷത്തിലടക്കം പങ്കെടുത്തിരുന്നു. ചടങ്ങിൽ പങ്കെടുത്ത സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്ത് തിരുവനന്തപുരത്ത് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. വെള്ളിയാഴ്ച രാജ്ഭവൻ സന്ദർശിച്ച കേന്ദ്രമന്ത്രി വി. മുരളീധരനും ക്വാറന്റൈനിലാണ്.
ഗവർണർക്ക് സുരക്ഷയൊരുക്കിയ പൊലീസുകാരനും മറ്റൊരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളഹൗസ് അണുനശീകരണത്തിനായി മൂന്നുദിവസത്തേക്ക് അടച്ചു. ഡൽഹി സർവകലാശാലയുടെയും ഗുഡ്ഗാവിലെയും പരിപാടികളിൽ ഗവർണർ പങ്കെടുത്തിരുന്നു. യു.പിയിൽ നിന്ന് നിരവധി ബന്ധുക്കളും ഡൽഹിയിലെ പരിചയക്കാരുമെല്ലാം കേരളഹൗസിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഡൽഹിയിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധന നടത്തണമെന്നും ആശങ്ക വേണ്ടെന്നും ഗവർണർ ട്വീറ്റ് ചെയ്തു.