cong

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ അനിവാര്യമായിടങ്ങളിൽ വെൽഫെയർ പാർട്ടിയുൾപ്പെടെ മുന്നണിക്ക് പുറത്തുള്ള സംഘടനകളുമായി നീക്കുപോക്കിന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ പച്ചക്കൊടി. ജില്ലാതലത്തിൽ സ്ഥിതിഗതി പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് സമിതിയോഗം തീരുമാനിച്ചു.

എന്നാൽ യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഇക്കാര്യം പരസ്യമായി സമ്മതിക്കാൻ തയാറായില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങളിൽ നിന്നദ്ദേഹം ഒഴിഞ്ഞുമാറി.

അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യമുയർത്തിയാകും തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫിലെ ഘടകകക്ഷികളുമായാണ് സീറ്റ് ധാരണ. വിവിധ സാമൂഹ്യവിഭാഗങ്ങളുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ധീവരസഭയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് ചർച്ചയൊന്നും നടത്തിയിട്ടില്ല.

ജനങ്ങൾക്ക് നേട്ടമുണ്ടാകേണ്ട പദ്ധതികളെ സർക്കാർ ശതകോടികൾ ഉണ്ടാക്കാനുള്ളതാക്കി മാറ്റി. സ്കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്തതിലും അഴിമതിയാണ്. പി.ആർ.ഡിയെ മറികടന്ന് കിഫ്ബിയെക്കൊണ്ട് ശതകോടികളുടെ പരസ്യം നൽകി പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് നീക്കം. പി.ആർ പ്രവർത്തനങ്ങളിലൂടെ എങ്ങനെയെങ്കിലും കര കയറാനാകുമോയെന്നാണ് ശ്രമിക്കുന്നത്. ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ശക്തമായ പ്രചാരണം നടത്തും.

സ്ഥാനാർത്ഥി നിർണയത്തിൽ കർശന മാനദണ്ഡങ്ങൾ പാലിക്കും. വിമതരായി മത്സരിക്കുന്നവർ പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് കരുതരുത്. യുവജനങ്ങൾക്കും വനിതകൾക്കും പട്ടികവിഭാഗക്കാർക്കും പ്രാതിനിദ്ധ്യമുറപ്പാക്കും. പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ, മേയർ സ്ഥാനങ്ങളിലേക്ക് സ്വയം പ്രഖ്യാപിച്ച് മത്സരിക്കാനിറങ്ങുന്നവരെ അംഗീകരിക്കില്ല. തിരഞ്ഞെടുപ്പിന് ശേഷം യോഗ്യരായവരെ പാർട്ടി അതത് സ്ഥാനങ്ങളിൽ നിയമിക്കും

മുന്നണി വിപുലീകരണമില്ല

യു.ഡി.എഫ് വിപുലീകരണം തത്കാലം വേണ്ടെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി. പുതിയ കക്ഷികൾ മുന്നണിയിലെത്തുന്നത് ഈയവസരത്തിൽ അനാവശ്യമായ അവകാശവാദങ്ങൾക്ക് വഴിവയ്ക്കും. കൂടുതൽ സീറ്റിനും മറ്റുമായി മുന്നണിയെ സമ്മർദ്ദത്തിലാക്കും. പി.സി. തോമസ് കേരള കോൺഗ്രസ് വിഭാഗം പി.ജെ. ജോസഫ് വിഭാഗത്തിൽ ലയിച്ച് വന്നാൽ സ്വീകരിക്കാമെന്നാണ് രാഷ്ട്രീയകാര്യസമിതിയിലെ പൊതുവികാരം. എന്നാൽ, പി.സി. ജോർജിനെ വേണ്ടെന്ന് യോഗം ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു.

സ്വർണക്കടത്ത്,​ ലൈഫ് വിവാദങ്ങൾ നിയമസഭാതിരഞ്ഞെടുപ്പ് വരെ സജീവമാക്കി കൊണ്ടുപോകും. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ആരോപണങ്ങളില്ലാതാകുമെന്ന് ഇടതുകേന്ദ്രങ്ങൾ കണക്കുകൂട്ടുന്നുണ്ട്. അതിനവസരം നൽകാതിരിക്കാൻ വിഷയങ്ങൾ തുടർച്ചയായി ഉന്നയിക്കാനും യോഗം തീരുമാനിച്ചു.