mmmm

നെടുമങ്ങാട് : നഗരസഭയിൽ സീറ്റ് വിഭജനമെന്ന കീറാമുട്ടിയിൽ തട്ടി പ്രമുഖ മുന്നണികളിൽ സ്ഥാനാർത്ഥി നിർണയം വൈകുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും ഘടകകക്ഷികളുടെ സീറ്റുകൾ സംബന്ധിച്ച് വ്യക്തതയായിട്ടില്ല. മുൻ തിരഞ്ഞെടുപ്പുകളിലെ സ്റ്റാറ്റസ് കോ തുടരണമെന്ന് സംസ്ഥാന മുന്നണി നേതൃത്വങ്ങൾ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഓരോ പ്രദേശത്തെയും മാറിയ സാഹചര്യങ്ങൾ കൂടി വിലയിരുത്തി സീറ്റ് വിഭജനം നടത്തിയാൽ മതിയെന്ന ധാരണയാണ് പൊതുവിലുള്ളത്. 39 അംഗ നഗരസഭ കൗൺസിലിൽ 10 സീറ്റ് ആവശ്യപ്പെട്ട് എൽ.ഡി.എഫിൽ സി.പി.ഐ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്. എട്ട് സീറ്റാണ് ഇവർക്ക് അനുവദിച്ചത്. കഴിഞ്ഞ തവണ മുന്നണിയുടെ ഭാഗമായി എട്ട് സീറ്റിൽ മത്സരിച്ചതിനൊപ്പം കൊറളിയോട്, പേരയത്തുകോണം വാർഡുകളിൽ സി.പി.എം സ്ഥാനാർത്ഥികൾക്കെതിരെ സൗഹൃദ മത്സരവും നടത്തിയിരുന്നു. രണ്ടിടത്തും സി.പി.എമ്മാണ്‌ വിജയിച്ചത്. ഈ സീറ്റുകൾ ഇക്കുറി വിട്ടു നല്കണമെന്നാണ് സി.പി.ഐയുടെ ആവശ്യം. മുന്നണിയുടെ ഭാഗമായി എട്ടിടത്ത് മത്സരിച്ച സി.പി.ഐക്ക് മഞ്ച, പൂവത്തൂർ വാർഡുകളിൽ മാത്രമാണ് വിജയിക്കാനായത്. ഇത് ചൂണ്ടിക്കാട്ടി മത്സരിച്ച സീറ്റുകൾ മാത്രമേ നൽകേണ്ടതുള്ളൂ എന്ന നിലപാടിലാണ് സി.പി.എം. സി.പി.ഐക്ക് പുറമെ ഘടകകക്ഷികളായ ജനതാദൾ- എസിനും ഐ.എൻ.എല്ലിനും ഓരോ സീറ്റ് മാറ്റിവച്ച് ബാക്കിയുള്ള 20 സീറ്റിലും സി.പി.എം സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടുണ്ട്. ചെയർപേഴ്‌സൺ പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിട്ടുള്ള നഗരസഭയിൽ ഒരു ജനറൽ സീറ്റിലും രണ്ടു സംവരണ സീറ്റിലും സി.പി.എം പട്ടികജാതി വനിതകളെ മത്സരിപ്പിക്കുന്നുണ്ട് (മന്നൂർക്കോണം, പറമുട്ടം,ചിറയ്ക്കാണീ). സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഇന്ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ സീറ്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും.

യുവജന പ്രാതിനിധ്യം തീരെയില്ല

രണ്ടു പ്രധാന മുന്നണിയിലും ധാരണയായ സീറ്റുകളിൽ നിശ്ചയിച്ച സ്ഥാനാർത്ഥികൾ പലരും മൂന്നും നാലും ടേമിൽ പലപല വാർഡുകൾ മാറി മത്സരിച്ചവരാണ്. ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും അവസരം നല്കണമെന്ന ഉപരികമ്മിറ്റികളുടെ സർക്കുലർ സി.പി.എമ്മും കോൺഗ്രസും ചെവിക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്. കോൺഗ്രസിൽ ഏഴു സിറ്റിംഗ് കൗൺസിലർമാർ പട്ടികയിലുണ്ട്. മന്നൂർക്കോണം സജാദ്, ഹാഷിം റഷീദ്, കരുപ്പൂര് ഷിബു, താഹിർ നെടുമങ്ങാട്, ഷിനു നെട്ടയിൽ തുടങ്ങി യൂത്ത് കോൺഗ്രസ്‌ നേതാക്കളാരും പരിഗണനയിലില്ല. കഴിഞ്ഞ തവണ, അരശുപറമ്പ് വാർഡിൽ തീരുമാനിച്ച സജാദിനെയും മുഖവൂർ, തറട്ട സീറ്റുകളിൽ നിർദേശിക്കപ്പെട്ട ഷിബുവിനെയും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. പറമുട്ടത്ത് 42 വോട്ടിന് പരാജയപ്പെട്ട ഹാഷിം റഷീദിനെയും സന്നഗറിൽ മത്സരിച്ച ഷിനുവിനെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് താഹിറിനെയും ഇക്കുറി പരിഗണിക്കുമെന്ന് നേതൃത്വം ഉറപ്പ് നൽകിയിരുന്നതാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. യുവ പ്രതിനിദ്ധ്യം ഉറപ്പാക്കുന്നതിനൊപ്പം ഘടക കക്ഷികൾക്ക് സീറ്റ് കണ്ടെത്തുന്നതും യു.ഡി.എഫ് നേതൃത്വത്തിന് വെല്ലുവിളിയാണ്. മുസ്ലിം ലീഗിന് പേരുമല വിട്ടുനൽകാൻ ധാരണയായിട്ടുണ്ട്. കണ്ണാരംകോട് ആവശ്യപ്പെട്ട ഫോർവേഡ് ബ്ലോക്കിന് ഇത്തവണയും സീറ്റ് ലഭിക്കാൻ ഇടയില്ല.

സംവരണ വാർഡുകൾ പുനഃപരിശോധിക്കണം : കോൺഗ്രസ്

ടവർ, കൊടിപ്പുറം വാർഡുകൾ മൂന്നാം തവണയും സംവരണ സീറ്റുകളാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. കഴിഞ്ഞ രണ്ടു ടേമിലും വനിതാ വാർഡുകളായിരുന്ന സീറ്റുകൾ ഇത്തവണ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ ഹർജിയിന്മേൽ ചൊവ്വാഴ്ച തീരുമാനമുണ്ടാകും. അതുകഴിഞ്ഞ് യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയാക്കിയാൽ മതിയെന്ന ധാരണയിലാണ് നഗരസഭ കോൺഗ്രസ് നേതൃത്വം.

മുഴുവൻ സീറ്റിലും ബി.ജെ.പി മുന്നണി

ബി.ജെ.പി മുന്നണിയിൽ ബി.ഡി.ജെ.എസിന് മൂന്നും കാമരാജ് കോൺഗ്രസിന് ഒന്നും സീറ്റുകൾ നൽകാൻ ധാരണയായി. പത്താംകല്ല് വാർഡിൽ കബീർ മുഹമ്മദാണ് കാമരാജ് കോൺഗ്രസ് സ്ഥാനാർത്ഥി. ബി.ഡി.ജെ.എസിനു വേണ്ടി സന്നഗർ, ഇരിഞ്ചയം, പുലിപ്പാറ സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ട്‌. കഴിഞ്ഞ തവണ 39 അംഗ കൗൺസിലിൽ 32 സീറ്റിൽ ബി.ജെ.പി തനിച്ചാണ് മത്സരിച്ചത്. ഇത്തവണ എൻ.ഡി.എ മുന്നണി മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ നിറുത്താൻ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി ജില്ലാനേതാവ് പൂവത്തൂർ ജയൻ പൂവത്തൂർ വാർഡിലും ഭാര്യയും മുൻ കൗൺസിലറുമായ താര ടവർ വാർഡിലും മത്സരിക്കും. സിറ്റിംഗ് കൗൺസിലർമാരായ വിനോദിനി നെട്ടയിലും ഗീത കല്ലുവരമ്പിലും സുമയ്യ മുഖവൂരിലും ഏരിയ പ്രസിഡന്റ് അജികുമാർ പരിയാരത്തും സെക്രട്ടറി ബി.എസ്. ബൈജു ടി.എച്ച്.എസിലും മത്സരിക്കും. നിലവിലെ കൗൺസിലിൽ നാല് അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്.