ബംഗളുരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ ബിനാമി- കള്ളപ്പണ ഇടപാടിൽ ബിനീഷ് കോടിയേരിയെ ബംഗളൂരു സിറ്റി സെഷൻസ് കോടതി 11 വരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റിഡിയിൽ വിട്ടു. മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ പേരിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡിൽ കണ്ടെത്തിയെന്നും കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ.ഡി കോടിയെ അറിയിച്ചു.
നിലവിൽ പ്രവർത്തനമില്ലാത്ത മൂന്ന് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുണ്ട്. ഇവയുടെ മറവിൽ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി അറിയാൻ ബിനീഷിനെ കൂടുതൽ ദിവസം ചോദ്യം ചെയ്യണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കുകയായിരുന്നു.
ബിനീഷിന് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായതിനാൽ ചികിത്സ ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ഇ.ഡിയുടെ ശ്രമമെന്നും ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചു. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായ ബിനീഷിന്റെ പിതാവിനെ അപമാനിക്കാനായി ബിനീഷിനെ കേസിൽ കുടുക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. ഇതൊന്നും കോടതി അംഗീകരിച്ചില്ല.
ഇ.ഡി കസ്റ്റഡി കഴിഞ്ഞാൽ എൻ.സി.ബിയുടെ ഊഴം
ബംഗളൂരു മയക്കുമരുന്ന് കേസന്വേഷിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ബിനീഷിനെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകിയിരുന്നെങ്കിലും ഇ.ഡി കസ്റ്റഡി നീട്ടാനുള്ള അപേക്ഷ നൽകിയതോടെ പിൻവലിച്ചു. ഇ.ഡി കസ്റ്റഡി പൂർത്തിയാവുന്ന മുറയ്ക്ക് ബിനീഷിനെ എൻ.സി.ബി കസ്റ്റഡിയിൽ വാങ്ങും.
ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചെന്നും ലഹരിമരുന്ന് വ്യാപാരം നടത്തിയെന്നും സാക്ഷിമൊഴിയുണ്ട്. ബിനീഷിന്റെ നഖം, മുടി, ചർമ്മം എന്നിവയുടെ പരിശോധനയിലൂടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനാണ് എൻ.സി.ബി നീക്കം. മയക്കുമരുന്ന് കേസെടുത്താൽ ഉടനെങ്ങും ജാമ്യം കിട്ടില്ല. പത്തുവർഷത്തിലേറെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാവും ചുമത്തുക.