മുടപുരം : 25 വർഷമായി എൽ.ഡി.എഫ് ഭരിക്കുന്ന അഴൂർ ഗ്രാമ പഞ്ചായത്തിൽ തുടർ ഭരണത്തിനായി എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും ജനപ്രതിനിധികളുടെ എണ്ണം കൂട്ടാനായി ബി.ജെ.പിയും ശ്രമം തുടങ്ങി. 18 വാർഡുള്ള പഞ്ചായത്തിൽ സി.പി.എം-8, സി.പി.ഐ-1, കോൺഗ്രസ് -7, ബി.ജെ.പി-2 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ഇപ്പോൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പാർട്ടി ഏരിയാകമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ ഏരിയാസെക്രട്ടറിയുമായ ആർ. അനിൽ, സി.പി.എം മുട്ടപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കർഷക സംഘം ഏരിയാജോയിന്റ് സെക്രട്ടറിയും അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എസ്.വി. അനിലാൽ, നിലവിലെ ഗ്രാമ പഞ്ചായത്ത് മെമ്പറും സി.പി.എം പെരുങ്ങുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കുഴിയം കയർവ്യവസായ സംഘം പ്രസിഡന്റുമായ സി. സുര, സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും അദ്ധ്യാപകനുമായ ആർ. വിജയൻ തമ്പി എന്നീ പ്രമുഖർ മത്സര രംഗത്തുണ്ട്. ഡി.സി.സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. എസ്. കൃഷ്ണകുമാർ, 22 വർഷം ഗ്രാമ പഞ്ചായത്ത് മെമ്പറും അഴൂർ കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റുമായ അഴൂർ വിജയൻ, 32 വർഷമായി ഗ്രാമ പഞ്ചായത്ത് അംഗമായിരിക്കുന്ന ബി. മനോഹരൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുട്ടപ്പലം സജിത്ത്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഓമന എന്നിവരും മത്സരത്തിനുണ്ട്. ബി.ജെ.പി 18 സീറ്റിൽ മത്സരിക്കും. നിലവിലെ ഗ്രാമ പഞ്ചായത്ത് മെമ്പർ സിജിൻസി, യുവമോർച്ചാ ജില്ലാ വൈസ് പ്രസിഡന്റ് അഭിജിത്ത്, മഹിളാ മോർച്ച ജില്ലാ ട്രഷറർ രജിതകുമാരി എന്നിവരായിരിക്കും ബി.ജെ.പിയിലെ പ്രമുഖർ.