fg

വർക്കല: ഇന്ത്യയിലും വിദേശത്തുമുള്ള സ്ഥലങ്ങളിൽ ഗുരുദേവ പ്രതിമകൾ നിർമ്മിച്ചുനൽകുന്ന ശില്പി കുടിയിറക്ക് ഭീഷണിയുടെ നടുവിൽ. വർക്കല സ്വദേശിയായ ആർ. ജനാർദ്ദനൻ ആചാരി എന്ന വർക്കല മണിയുടെ(75) തൊഴിലിടമാണ് പൊളിച്ചുമാറ്റണമെന്നുകാട്ടി നഗരസഭാ അധികൃതർ നോട്ടീസ് നൽകിയത്.

വർക്കല ജനാർദ്ദനപുരം കിളിതട്ടുമുക്ക് വാവുകട ചന്തക്ക് സമീപം മൂന്നര സെന്റ് വസ്തുവിലുള്ള കുടിലാണ് മണിയും കുടുംബവും 65 വർഷമായി താമസിക്കുന്നത്. നിന്നുതിരിയാൻ പോലും ഇടമില്ലാത്ത വീട്ടിന് മുന്നിലാണ് ഇദ്ദേഹത്തിന്റെ പണിശാലയും.

തുടക്കകാലത്ത് വാടക കെട്ടിടങ്ങളിലാണ് ഇദ്ദേഹം തന്റെ പ്രതിമനിർമ്മാണ കേന്ദ്രങ്ങൾ നടത്തിയിരുന്നത്. പിന്നീട് സാമ്പത്തിക പരാധീനതകൾ കാരണം സ്ഥാപനം വീട്ടിനോട് ചേർന്ന് ആരംഭിക്കുകയായിരുന്നു. ഗുരുദേവന്റെ പ്രതിമ കൂടാതെ മറ്റ് സാമൂഹിക പരിഷ്കർത്താക്കളുടെയും നവോത്ഥാന നായകന്മാരുടെയും പ്രതിമകൾ മണി നിർമ്മിക്കുന്നുണ്ട്. ഈ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. വാർദ്ധക്യകാല അവശതകൾക്ക് നടുവിലെ പ്രതിമ നിർമ്മാണം മുന്നോട്ടുകൊണ്ടുപോകുന്ന ഇദ്ദേഹത്തിന് നഗരസഭയുടെ തീരുമാനം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് മണി പറയുന്നത്. ഇത് മറികടക്കുന്നതിന് ഗുരുദേവൻ തന്നെ വഴികാണിച്ചുതരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇദ്ദേഹത്തിന്റെ കുടുംബം.