തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനുള്ള പുതിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ചുവരെഴുത്തിലടക്കം പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുതുക്കിയിട്ടുണ്ട്.
- തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരസ്യം എഴുതുന്നതിനോ സ്ഥാപിക്കുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും പരസ്യത്തിൽ ചേർത്തിരിക്കണം
- വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകീർത്തിപ്പെടുത്തുന്നതും പ്രകോപനപരവുമായ പരസ്യങ്ങൾ പ്രചാരണത്തിന് പാടില്ല
- മതവികാരം ഉണർത്തുന്നതും വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങൾ അടക്കമുള്ള ബീഭത്സ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ പാടില്ല
- മറ്റൊരു സ്ഥാനാർത്ഥി പ്രചാരണത്തിനായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നശിപ്പിക്കുയോ മറയ്ക്കുയോ ചെയ്യുന്ന രീതിയിലുള്ള പരസ്യങ്ങൾ വയ്ക്കരുത്
- വാഹന യാത്രികർക്കും കാൽ നടക്കാർക്കും മാർഗതടസമുണ്ടാക്കുന്ന രീതിയിൽ തിരഞ്ഞെടുപ്പ് പരസ്യം വയ്ക്കരുത്
- പൊതുജനങ്ങളുടെയോ വാഹനങ്ങളുടെയോ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങളിൽ പരസ്യം സ്ഥാപിക്കരുത്
- ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുവകകളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ മൊബൈൽ ടവറുകളിലോ ടെലഫോൺ പോസ്റ്റുകളിലോ പരസ്യം സ്ഥാപിക്കാനോ വരയ്ക്കാനോ പാടില്ല
തിരഞ്ഞെടുപ്പ് കഴിയുമ്പോൾ
- വോട്ടെടുപ്പ് അവസാനിച്ചാൽ ഉടൻ അതത് സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കം ചെയ്യണം
- വോട്ടെടുപ്പ് അവസാനിച്ച് അഞ്ചു ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി പരസ്യം നീക്കം ചെയ്യുമെന്നും അതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയിൽ നിന്ന് ഈടാക്കണമെന്നും നിർദ്ദേശം നൽകി.