sambalam

തിരുവനന്തപുരം: നാലു വർഷമായി മുടങ്ങിക്കിടക്കുന്ന ഏഴാം യു.ജി.സി ശമ്പള പരിഷ്കരണം എത്രയുംവേഗം ലഭ്യമാക്കണമെന്ന് ഗവ.കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

2016 ജനുവരി മുതൽ നൽകേണ്ട ശമ്പള പരിഷ്‌കരണം 2019 ജൂൺ 29ന് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുമെന്ന് സൂചിപ്പിച്ച് ഓർഡർ ഇറക്കി 16 മാസം കഴിഞ്ഞിട്ടും പ്രാബല്യത്തിൽ വരുത്താതെ കോളേജ് അദ്ധ്യാപകരെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ. ഓർഡർ ഇറക്കിയതിന്റെ അഞ്ഞൂറാം ദിവസം ഓർനൈസേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ കോളേജുകളിലും വഞ്ചനാ ദിനമായി ആചരിച്ചു.

വകുപ്പിന് കീഴിലുള്ള എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകർക്ക് മേൽപറഞ്ഞ ആനുകൂല്യങ്ങളും റിസർച്ച് ഗ്രാന്റ്, ഗവേഷണത്തിന് അവധി തുടങ്ങിയ കാര്യങ്ങളും അനുവദിച്ചിട്ടുണ്ട്. കോളേജ് അദ്ധ്യാപകരോടുള്ള ചിറ്റമ്മനയം സർക്കാർ അവസാനിപ്പിക്കണമെന്ന് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.അനിൽകുമാർ, ജനറൽ സെക്രട്ടറി ഡോ.ബിജു ലോന.കെ, ട്രഷറർ ഡോ. ജിനോ സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു.