തിരുവനന്തപുരം: നഗരത്തിന്റെ സമഗ്ര വികസനം വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത് നഗരസഭാ ഭരണം പിടിക്കൽ. രണ്ടുമുന്നണികളും നഗര വികസനത്തിനെ അവഗണിച്ചുവെന്നാണ് ബി.ജെ.പി പ്രധാനാരോപണം. കേന്ദ്രസർക്കാർ കൊണ്ടുവന്ന പദ്ധതികൾ പോലും നഗരസഭാധികൃതരും സംസ്ഥാന സർക്കാരും സമയബന്ധിതമായി നടപ്പിലാക്കിയില്ലെന്ന് ബി.ജെ.പി വിമർശിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം തന്നെയാണ് ബി.ജെ.പിയുടെ മുഖ്യ പ്രചാരണായുധം. 38 സ്ഥാനാർത്ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. ഇന്ന് മറ്രു സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ചതിന് ശേഷം നഗരത്തിന്റെ സമഗ്രപുരോഗതിക്കായുള്ള വികസന രേഖ മുന്നോട്ട് വയ്ക്കും. ഇന്ത്യയിലെ മറ്രേത് പ്രധാന നഗരത്തെയും കിടപിടിക്കുന്ന തരത്തിലുള്ള സൗകര്യങ്ങൾ, മാലിന്യ നിർമ്മാർജ്ജനം, ഗതാഗതം, പശ്ചാത്തലവികസനം തുടങ്ങിയവയാണ് ബി.ജെ.പിയുടെ വാഗ്ദാനം.

വികസന അജൻഡയെ പിന്താങ്ങും

വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, ജലപാത, ആരോഗ്യ-വിദ്യാഭ്യാസ ഹബ്, ടെക്നോപാർക്ക് വികസനം തുടങ്ങി 25 ഇന വികസന അജൻഡയുമായി മുന്നോട്ട് വന്ന തിരുവനന്തപുരം വികസന മുന്നേറ്രത്തിന്റെ മുഴുവൻ ആവശ്യങ്ങളും ബി.ജെ.പി അംഗീകരിക്കുന്നതായി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി പറഞ്ഞു. ഇരുമുന്നണികളുടെയും വികസന രാഹിത്യത്തെയും തുറന്നുകാട്ടുന്നതിന് പുറമേ ബദൽ വികസന രേഖയുമായാണ് ബി.ജെ.പി നഗരവാസികളെ സമീപിക്കുന്നത്. നിലവിൽ ജയിച്ച 34 വാർഡുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് ബി.ജെ.പി ജില്ലാ ട്രഷറർ നിഷാന്ത് സുഗുണൻ പറ‌ഞ്ഞു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ പ്രത്യേകം സോഷ്യൽ മീഡിയ ടീമിനെ ഇറക്കിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ വാട്സാപ്പ് ഗ്രൂപ്പുകളും റെഡിയായി. യുവാക്കൾ, പ്രൊഫഷണലുകൾ, സാധാരണക്കാർ എന്നിവരൊക്കെ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ബി.ഡി.ജെ.എസുമായി സീറ്ര് ധാരണയിലെത്തിക്കഴി‌ഞ്ഞു.