തിരുവനന്തപുരം: ബീനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിൽ അദ്ദേഹത്തിന്റെ ഭാര്യയെയും രണ്ടരവയസുള്ള മകളെയും തടഞ്ഞുവച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസ് പിന്മാറുന്നു. സി.ആർ.പി.സി-100 പ്രകാരം കോടതിയുടെ വാറണ്ടുമായി റെയ്ഡിനെത്തിയ ഇ.ഡിക്കെതിരെ കേസ് അസാദ്ധ്യമാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ പറഞ്ഞു.
കേസെടുക്കാനുള്ള ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ഇതുവരെ പൊലീസിന് കിട്ടിയിട്ടില്ല. നിയമപരമല്ലെന്ന് കണ്ട് നടപടി കമ്മിഷനും ഉപേക്ഷിച്ചതായാണ് സൂചന. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ് അന്വേഷണം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇ.ഡിക്കെതിരെ കേസെടുക്കാൻ സംസ്ഥാന പൊലീസിന് അധികാരമില്ലെന്നും റെയ്ഡിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ഇ.ഡിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം കൈമാറാനേ കഴിയൂവെന്നും കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം നടത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്താൽ പുലിവാലാകുമോ എന്നാണ് പൊലീസിന്റെ ആശങ്ക.
പി.എം.എൽ.എ ആക്ടിലെ സെക്ഷൻ 54 പ്രകാരം പൊലീസ് ഉൾപ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരും ഇ.ഡിയുടെ അന്വേഷണത്തെ സഹായിക്കണം. ഇ.ഡിയുടെ ഔദ്യോഗിക നടപടികൾ തടസപ്പെടുത്താൻ കഴിയില്ല. നിയമവിരുദ്ധ നടപടികളുണ്ടായാൽ റെയ്ഡ് നടപടികൾ നേരിടുന്നവർ കേസ് പരിഗണിക്കുന്ന കോടതിയെ അറിയിക്കണം. പക്ഷേ, കേസെടുക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി വേണം. സെക്ഷൻ 67പ്രകാരം ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ സിവിൽ കോടതിയിൽ കേസ് പാടില്ല.
തടഞ്ഞാൽ കേന്ദ്രത്തിന് ഇടപെടാം
കേന്ദ്ര ഏജൻസികളെ തടസപ്പെടുത്തിയാൽ, അനുച്ഛേദം 355 പ്രകാരം സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കേന്ദ്രസേനയെ വിന്യസിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. തെറ്റായ നടപടികളുണ്ടായാൽ 256 അനുച്ഛേദ പ്രകാരം സംസ്ഥാനത്തിന് കർശന നിർദ്ദേശം നൽകാനും കഴിയും. ഇത് പാലിച്ചില്ലെങ്കിൽ ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാവും.
അതേസമയം, റെയ്ഡിനിടെ നിയമവിരുദ്ധമായ നടപടികളുണ്ടായെങ്കിൽ പി.എം.എൽ.എ ആക്ടിലെ സെക്ഷൻ 62 പ്രകാരം ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കോടതിക്ക് കേസെടുക്കാം. രണ്ടുവർഷം വരെ തടവുശിക്ഷയും അരലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണിത്.