തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിലെ റെയ്ഡിൽ പിടിച്ചെടുത്ത മയക്കുമരുന്ന് കേസ് പ്രതി അനൂപിന്റെ ഡെബിറ്റ് ഉപയോഗിച്ചിരുന്നത് ബിനീഷായിരുന്നെന്നും കാർഡിനു പിന്നിൽ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇ.ഡി ഇന്നലെ കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെ വിശദാന്വേഷണവും തുടങ്ങി. ഈ കാർഡുപയോഗിച്ച് നടത്തിയ ഇടപാടുകളെക്കുറിച്ച് ബാങ്കിനോട് വിവരം തേടി.
ഓഗസ്റ്റ് 21നാണ് ബംഗളൂരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടലിൽ നിന്ന് മയക്കുരുന്നുമായി അനൂപിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഇതിനുശഷം കാർഡ് ഉപയോഗിച്ചത് എവിടെയൊക്കെയാണെന്നാണ് അന്വേഷിക്കുന്നത്. കാർഡ് ഇ.ഡി ഉദ്യോഗസ്ഥർ കൊണ്ടുവച്ചതാണെന്നാണ് ബിനീഷിന്റെ കുടുംബം ആരോപിക്കുന്നത്. എന്നാൽ കാർഡ് പിടിച്ചെടുത്തത് ബിനീഷിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണെന്ന് ഇ.ഡി പറയുന്നു. മുറിയിലെ അലമാരയിലെ ഡ്രായറിൽ കാർഡുണ്ടെന്ന് ചോദ്യം ചെയ്യലിൽ ബിനീഷ് വെളിപ്പെടുത്തി.
5.17കോടിയുടെ ഇടപാടുകളാണ് ബിനീഷും അനൂപും തമ്മിലുള്ളത്. മൂന്ന് ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയാണ് ഇത്രയും പണമൊഴുക്കിയത്. ഇതിലൊരു ബാങ്കിന്റെ കാർഡാണ് പിടിച്ചെടുത്തത്. ഈ കാർഡ് കേരളത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രചാരണമുണ്ടെങ്കിലും ഇന്നലെ കോടതിയിൽ ഇ.ഡി ഇക്കാര്യം അറിയിച്ചിട്ടില്ല.