കോട്ടയം: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിൽ തൂങ്ങി മരിച്ച സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ. ഇതുസംബന്ധിച്ച് മനുവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി. വ്യാഴാഴ്ച വൈകുന്നേരമാണ് നരിയംപാറ തടത്തുകാലായിൽ മനു മനോജിനെ (24) തൊടുപുഴ മുട്ടം ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കട്ടപ്പന നരിയംപാറയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി പീഡനത്തിനിരയായി. ഇതേ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ കട്ടപ്പന പൊലീസിൽ പരാതി നല്കി. ഇതിനിടയിൽ സന്ധിസംഭാഷണവും നടന്നു. തുടർന്ന് ഇരു വീട്ടുകാരും തമ്മിൽ ഒത്തുതീർപ്പാക്കിയതായി പറയുന്നു. പെൺകുട്ടിക്ക് 16 വയസ് പൂർത്തിയായിരുന്നില്ല. രണ്ടു വർഷം കഴിയുമ്പോൾ വിവാഹം നടത്താൻ ഇരുവീട്ടുകാരും സമ്മതിക്കുകയായിരുന്നു. എന്നാൽ, പീഡനക്കേസിൽ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ മനുവിനെ റിമാൻഡ് ചെയ്ത് മുട്ടം ജയിലിലേക്ക് മാറ്റി.
മനുവിനെ പൊലീസ് തിരക്കിവന്നതോടെ പെൺകുട്ടി ആകെ വിഷമത്തിലായിരുന്നുവെന്ന് പറയുന്നു. ഇതിനെ തുടർന്ന് പെൺകുട്ടി കുളിമുറിയിൽ കയറി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം പെൺകുട്ടി മരിച്ചു.
റിമാൻഡിൽ മുട്ടം ജയിലിൽ കഴിഞ്ഞിരുന്ന മനു ഉടുമുണ്ടും തോർത്തും കൂട്ടിക്കെട്ടി ഗ്രില്ലിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. നരിയംപാറയിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു മനു. ഒക്ടോബർ 22നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതായി കട്ടപ്പന പൊലീസിൽ പരാതി ലഭിച്ചത്. അടുത്തദിവസം തന്നെ മനു കട്ടപ്പന ഡിവൈ.എസ്.പി ഓഫീസിൽ കീഴടങ്ങിയിരുന്നു.
പോക്സോ, എസ്.സി- എസ്.ടി പീഡനം, മാനഭംഗം എന്നിവ ചുമത്തിയാണ് റിമാൻഡ് ചെയ്തത്. ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന മനുവിനെ നേരത്തെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. തൂങ്ങിമരണവുമായി ബന്ധപ്പെട്ട് കേസെടുത്ത മുട്ടം പൊലീസ് ജയിൽ അധികൃതരിൽ നിന്ന് കട്ടപ്പന പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്.
മനുവിനെ ഉദ്യോഗസ്ഥർ കൊന്ന് കെട്ടിത്തൂക്കിയെന്ന് അച്ഛൻ
കട്ടപ്പന: നരിയമ്പാറ പീഡനക്കേസിലെ പ്രതിയായ നരിയമ്പാറ തടത്ത്കാലായിൽ മനുവിനെ (24) ജയിൽ ഉദ്യോഗസ്ഥർ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ മനോജ് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് മുട്ടത്തെ ജില്ലാ ജയിലിൽ മനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുവായ പൊലീസുകാരന്റെ സ്വാധീനമുപയോഗിച്ചാണ് കൃത്യം നടത്തിയത്.
മനുവിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റിടങ്ങളിലും മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ബി.ജെ.പി പ്രവർത്തകരുടെ ഇടപെടലാണ് പ്രശ്നം വഷളാക്കിയത്. മരിച്ച പെൺകുട്ടിയും മനുവും തമ്മിൽ രണ്ടുവർഷമായി ഇഷ്ടത്തിലായിരുന്നു. പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് നൽകാമെന്ന് മാതാപിതാക്കളും പറഞ്ഞിരുന്നു. കഴിഞ്ഞ 25ന് മോതിരം മാറൽ നടത്താമെന്നും അറിയിച്ചിരുന്നു.
മാതാപിതാക്കൾ പൊലീസിൽ പരാതി നൽകാൻ പോകുന്ന കാര്യം പെൺകുട്ടിയാണ് മനുവിനെ വിളിച്ച് പറഞ്ഞത്. റിമാൻഡ് ചെയ്തശേഷം ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ മനു നിരീക്ഷണത്തിലാണെന്നാണ് പറഞ്ഞത്. മനുവിനെതിരെ കേസെത്താൽ ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടി തന്നോട് പറഞ്ഞതായും മനോജ് ആരോപിച്ചു. മനുവിന്റെ മരണം അന്വേഷിക്കണമാവശ്യപ്പെട്ട് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, ഡി.ജി.പി എന്നിവർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾ തള്ളി പെൺകുട്ടിയുടെ കുടുംബം
കട്ടപ്പന: മനുവിന്റെ അച്ഛന്റെ വാദങ്ങൾ മരിച്ച ദളിത് പെൺകുട്ടിയുടെ കുടുംബം തള്ളി. പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് നൽകാമെന്ന് പറഞ്ഞിട്ടില്ലെന്ന് പിതാവ് പറഞ്ഞു. പെൺകുട്ടിയുടെ സമ്മതത്തോടെയാണ് പൊലീസിൽ പരാതി നൽകിയത്. രാഷ്ട്രീയമായി മുതലെടുക്കാൻ ബി.ജെ.പിയെ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് നൽകാമെന്നുള്ള ധാരണകളൊന്നുമില്ല. കേസിൽ നിന്ന് മനുവിനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. തങ്ങളുടെ കുടുംബത്തിൽ പൊലീസുകാർ ആരുമില്ല. പൊലീസിലേക്ക് ടെസ്റ്റ് എഴുതിയ ഒരാളുണ്ട്. 10 വർഷം മുമ്പ് വരെ സജീവ സി.പി.എം പ്രവർത്തകരായിരുന്നു. ഇപ്പോൾ സജീവമല്ലെങ്കിലും പ്രവർത്തകനായി തുടരുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.