തിരുവനന്തപുരം: എരുമക്കുഴിയിലെ പൂന്തോട്ട ഉദ്ഘാടന ചടങ്ങിൽ നിന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനുവിനെ ഒഴിവാക്കിയ സംഭവത്തിൽ മന്ത്രി എ.സി. മൊയ്‌തീൻ നഗരസഭാ സെക്രട്ടറിയോട് വിശദീകരണം തേടി. വിഷയത്തിൽ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ബിനു നൽകിയ പരാതിയെ തുടർന്നാണ് നടപടി. പൂന്തോട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. ഹെൽത്ത് ഓഫീസറുടെയും സൂപ്പർവൈസറുടെയും പേരുകൾ ഫലകത്തിൽ ഉൾപ്പെടുത്തിയെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ ഒഴിവാക്കിയതിനെ അതിരൂക്ഷമായി പരാതിയിൽ വിമർശിച്ചിട്ടുണ്ട്. അതിനിടെ മേയർ കെ. ശ്രീകുമാറും ബിനുവും തമ്മിലുള്ള ആഭ്യന്തര കലഹമാണ് സംഭവത്തിന് പിന്നിലെന്നും ആരോപണം ഉയർന്നു. കുന്നുകുഴിയിൽ നിന്നും നഗരസഭയിലെത്തിയ ബിനുവിന് ഇക്കുറി സീറ്റും നൽകിയിട്ടില്ല. കുന്നുകുഴി വനിതാസംവരണമായതിനാൽ മറ്റുവാർഡുകളില്ലെന്നാണ് പാർട്ടിയുടെ വിശദീകരണം. എന്നാൽ സമാനമായ സ്ഥിതി നേരിട്ട മേയറെ കരിക്കകത്തേക്ക് മാറ്റി മത്സരിപ്പിക്കുന്ന നിലപാടിനെതിരെ ബിനുവിന്റെ കൂട്ടാളികൾക്ക് അമർഷമുണ്ട്.