കോവളം: കോളിയൂർ ജംഗ്ഷന് സമീപം കൊവിഡ് രോഗിയായ വീട്ടമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. കുറച്ചുദിവസം മുമ്പ് ഇവർക്കും ഭർത്താവിനും മകൾക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇന്നലെ രാവിലെ 8ഓടെ ഒന്നാം നിലയിലുണ്ടായിരുന്ന ഭർത്താവും മകളും താഴെയിറങ്ങുന്ന സമയംനോക്കി വീടിന്റെ പൊക്കമുള്ള ജനൽ കമ്പിയിൽ ഷാൾ കെട്ടി വീട്ടമ്മ ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. മകളുടെ ബഹളംകേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് വീട്ടമ്മയെ രക്ഷിച്ചത്. പരിശോധനാഫലം വന്നശേഷം വീട്ടമ്മ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്. കൊവിഡ് രോഗികളുള്ള വീടുകളിൽ പാലിക്കേണ്ട യാതൊരു നടപടികളും ആരോഗ്യവകുപ്പ് പാലിച്ചില്ലെന്നും വീട്ടമ്മയുടെ മാനസിക സംഘർഷത്തിന് കാരണം അനാസ്ഥയാണെന്നും നാട്ടുകാർ ആരോപിച്ചു. തിരുവല്ലം പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച വീട്ടമ്മ അപകടനില തരണം ചെയ്‌തെന്നും ഇവരെ ഇന്നലെ വൈകിട്ടോടെ കൊവിഡ് സെന്ററിലേക്കു മാറ്റിയതായും പൊലീസ് പറഞ്ഞു. വീട്ടമ്മയുടെ ജീവൻ രക്ഷിച്ച അഞ്ചുപേരോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു. ഇന്നലെ വൈകിട്ട് 4ഓടെ നഗരസഭയിൽ നിന്നും ശുചീകരണ തൊഴിലാളികളെത്തി വീടും പരിസരവും അണുവിമുക്തമാക്കി.