kodiyeri

തിരുവനന്തപുരം: മകൻ ബിനീഷിനെതിരായ ആരോപണം വ്യക്തിക്കെതിരെയുള്ളതാണെന്നും അതന്വേഷിക്കാൻ കേന്ദ്ര ഏജൻസിക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിയും വ്യക്തിയും തമ്മിലുള്ള താത്പര്യം വന്നാൽ പാർട്ടി താത്പര്യം ഉയർത്തിപ്പിടിക്കും. അവിടെയാണ് അന്നും ഇന്നും നിൽക്കുന്നത്. സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നയാളല്ല ബിനീഷ്. പൊതുപ്രവർത്തകനോ പൊതുസേവകനോ അല്ല. ആരോപണം അതിനാൽ വ്യക്തിപരമാണ്. എന്തു വേണമെങ്കിലും അന്വേഷിക്കട്ടെ. തെറ്റു ചെയ്തെങ്കിൽ എത്ര ഉയർന്ന ശിക്ഷ വേണമെങ്കിലും നൽകിക്കോട്ടെയെന്ന് ആരോപണമുയർന്നപ്പോൾ തന്നെ ഞാൻ വ്യക്തമാക്കിയതാണ്. അതിൽ പാർട്ടി ഇടപെടില്ല. ഇടപെടാനുദ്ദേശിക്കുന്നുമില്ല.

ഏജൻസി എന്തുവേണമെങ്കിലും അന്വേഷിച്ച് കണ്ടെത്തട്ടെ. അത് കോടതിയിൽ സമർപ്പിക്കട്ടെ. അതനുസരിച്ച് കോടതി തീരുമാനിക്കട്ടെ. അന്വേഷണത്തിന്റെ ഭാഗമായി തെറ്റായ നടപടികൾ ബന്ധപ്പെട്ട അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്നുണ്ടായാൽ അതിനെതിരെ ഇടപെടാൻ ആ കുടുംബത്തിനും അവകാശമുണ്ട്. അതവർ ഉപയോഗിക്കട്ടെ.

ഡെബിറ്റ് കാർഡ് വീട്ടിൽ കൊണ്ടുവച്ചെന്ന പരാതി കുടുംബം ഉന്നയിച്ചിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടർക്കും കോടതിക്കും അവർ പരാതി കൊടുത്തിട്ടുണ്ട്. അത് ബന്ധപ്പെട്ടവർ പരിശോധിക്കട്ടെ. രണ്ടര വയസ്സുള്ള കുട്ടിയെ തടങ്കലിൽ വച്ചെന്നതടക്കം മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. അതിലെല്ലാം കോടതി തീരുമാനമെടുക്കട്ടെ.

ഞാൻ പാർട്ടി സെക്രട്ടറിയായാണ് ഇവിടെ സംസാരിക്കുന്നത്. അല്ലാതെ മകന്റെ അച്ഛനായല്ല. ബിനീഷിന്റെ അച്ഛനായത് കൊണ്ടല്ല ഞാൻ നിങ്ങളുടെ മുന്നിലിപ്പോൾ നിൽക്കുന്നത്. ഏത് പരാതി കിട്ടിയാലും ബാലാവകാശ കമ്മിഷൻ അതിലിടപെടും. ബിനീഷിന്റെ കുട്ടിയായത് കൊണ്ട് പീഡിപ്പിക്കാമെന്നുണ്ടോയെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പ്രതികരിച്ചു.

കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോൾ, ഞങ്ങളുടെ പാർട്ടിയുടെ സെക്രട്ടറി ആരാവണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും ഞങ്ങൾക്ക് വിട്ടുതരണമെന്ന് മുല്ലപ്പള്ളിയോട് അഭ്യർത്ഥിക്കുന്നെന്നായിരുന്നു മറുപടി. കെ.പി.സി.സി പ്രസിഡന്റിനെ ഞങ്ങളുടെ പാർട്ടി തീരുമാനിച്ചാൽ ശരിയാവില്ലല്ലോ. അതുപോലെ ഞങ്ങളുടെ പാർട്ടിയിൽ ഞങ്ങൾക്കുള്ള അവകാശം വിട്ടുതരുന്നതല്ലേ നല്ലത്.