കൊച്ചി: വീട്ടുജോലിക്കായി നിന്ന വീട്ടിൽനിന്നും രണ്ടാമത്തെ ദിവസം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത ചോറ്റാനിക്കര തലക്കോട് സ്‌കൂളിന് സമീപം വാടകയ്ക്കു താമസിക്കുന്ന കോട്ടയം മണർകാട് സ്വദേശിനി സുനിത സുനിലിനെ (38) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. ഇടപ്പള്ളിയിലെ ഏജൻസി വഴിയാണ് ദേശാഭിമാനി റോഡിൽ താമസിക്കുന്ന വീട്ടുടമ ജോലിക്കാരിയെ നിയമിച്ചത്. രണ്ടാമത്തെ ദിവസം ഉച്ചയോടെ വീട്ടിൽ നിന്നും പോയ വേലക്കാരി പിന്നീട് ജോലിക്ക് വന്നില്ല. വീട്ടുടമ ചോദിച്ചപ്പോൾ മക്കൾക്ക് സുഖമില്ലെന്ന് പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞ് വിവാഹത്തിന് പോകാനായി അലമാര നോക്കിയപ്പോഴാണ് ആഭരണങ്ങളും 10,000 രൂപയും നഷ്ടപ്പെട്ട വിവരമറിഞ്ഞത്. തുടർന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവത്തെക്കുറിച്ച് സുനിതയോട് ചോദിച്ചപ്പോൾ ഒന്നും അറിയില്ലെന്നും പരാതിയിൽ പറയുന്ന സമയത്ത് ഏറ്റുമാനൂരിൽ ഒരു കോൺവെന്റിൽ താമസിക്കുന്ന മക്കളുടെ കൂടെയായിരുന്നുവെന്നും മറുപടി പറഞ്ഞു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുനിത കോൺവെന്റിൽ ചെന്നിട്ടില്ലെന്നും മോഷണം നടത്തിയ ആഭരണങ്ങൾ എവിടെയോ പണയംവച്ചുവെന്നും വിവരംലഭിച്ചു. വാടകവീടുകളിൽ മാറിമാറി താമസിക്കുന്ന ഇവർ മൊബൈൽഫോൺ സ്വിച്ച് ഒഫ് ചെയ്തു മുങ്ങിയതോടെ അന്വേഷണം വഴിമുട്ടി. ഒടുവിൽ തലക്കോട് ഭാഗത്തുള്ള വീട്ടിൽ ഇവർ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പിടിയിലായത്. തുടർന്ന് മണർകാട്ടുള്ള സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വച്ചിരുന്ന ആഭരണങ്ങൾ കണ്ടെടുത്തു.
നോർത്ത് സി.ഐ സിബി ടോം, എസ്.ഐ അനസ്, എ.എസ്.ഐ വിനോദ് കൃഷ്ണ, സിവിൽ പൊലീസ് ഓഫീസർ ശ്യാമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.