തിരുവനന്തപുരം: കൃത്രിമ ഹൃദയവാൽവ് ഉപയോഗിക്കാതെ നിലവിലെ വാൽവിനെ സംരക്ഷിച്ചുകൊണ്ട് പ്രധാന രക്തധമനിയുടെ വീക്കത്തെ നീക്കം ചെയ്യുന്ന അത്യപൂർവ ശസ്ത്രക്രിയയിൽ ( വാൽവ് സ്‌പെയറിംഗ് സർജറി - ഡേവിഡ് ഓപ്പറേഷൻ) വിജയം നേടി കിംസ്‌ ഹെൽത്ത്. രോഗിയുടെ ആരോഗ്യം പെട്ടെന്ന് വീണ്ടെടുത്ത് ദീർഘകാലത്തേക്ക് സാധാരണ ജീവിതം നയിക്കാൻ സഹായകമായ ഇത്തരം ശസ്ത്രക്രിയ ചെയ്യുന്ന ഇന്ത്യയിലെ അപൂർവം ആശുപത്രികളിലൊന്നും തെക്കൻ കേരളത്തിലെ ഏക കേന്ദ്രവുമാണ് കിംസ് ഹെൽത്ത്. ഷോർട്ട് ഫിലിം ഡയറക്ടറായ കൊല്ലം സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്. കാർഡിയാക് സർജനായ ഡോ. സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു സർജറി. ഇത്തരം ശസ്ത്രക്രിയക്ക് കൃത്രിമ ഹൃദയ വാൽവ് ഉപയോഗിക്കേണ്ടതില്ല. പക്ഷാഘാതത്തിനും ആന്തരിക രക്തസ്രാവത്തിനുമുള്ള സാദ്ധ്യതയും ഇല്ലാതാക്കാനാകുമെന്ന് ഡോ. സുജിത് വ്യക്തമാക്കി. യുവാവിന്റെ ആരോഗ്യനില പൂർണമായും വീണ്ടെടുക്കാനായതോടെ മൂന്നാമത്തെ ദിവസം അദ്ദേഹത്തെ റൂമിലേക്ക് മാറ്റിയിരുന്നു. മരുന്നുകളിലൂടെ രോഗിയുടെ രക്തസമ്മർദ്ദം സാധാരണ നിലയിലാക്കി. എക്കോയിലൂടെ ഹൃദയവാൽവ് സാധാരണ തോതിലാണെന്ന് കണ്ടെത്തിയതിന് ശേഷം അഞ്ചാം ദിവസം രോഗിക്ക് ആശുപത്രി വിടാനായെന്നും ഡോ. സുജിത് പറഞ്ഞു. കാർഡിയാക് അനസ്‌തെറ്റിസ്റ്റ് ഡോ. സുഭാഷ്, അസോസിയേറ്റ് കാർഡിയാക് സർജൻ ഡോ. വിജയ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.