pslv01

തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ഐ.എസ്.ആർ.ഒ. ഉപഗ്രഹ വിക്ഷേപണം ഇന്നലെ പുന:രാരംഭിച്ചു. വൈകിട്ട് 3.02ന് നടത്താനിരുന്ന വിക്ഷേപണം മഴയും ഇടിമിന്നലും മൂലം പത്തുമിനിറ്റ് വൈകി. 3.12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽ നിന്ന് ഇന്ത്യയുടെ ഇ.ഒ.എസ്. 01ഉപഗ്രഹവും ഒൻപത് വാണിജ്യ ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി.സി.49 റോക്കറ്റ് കുതിച്ചുയർന്നു. ( പുറമേ അമേരിക്കയുടെയും ലക്സംബർഗിന്റെയും നാല് വീതവും ലിത്വാനിയയുടെ ഒന്നും ഉപഗ്രഹങ്ങളാണ് വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിച്ചത്)​

16 മിനിറ്റിൽ 575 കിലോമീറ്റർ ഉയരത്തിൽ ഇ.ഒ.എസിനെയും ഒന്നൊന്നായി മറ്റ് ഒൻപത് ഉപഗ്രഹങ്ങളും വിക്ഷേപിച്ച് 20മിനിറ്റിൽ ദൗത്യം പൂർത്തിയാക്കി. ഇന്ത്യൻ ഉപഗ്രഹത്തിന്റെ സോളാർ പാനലുകൾ വിടർന്ന് ബംഗളുരു ഹാസനിലെ മാസ്റ്റർ കൺട്രോൾറൂം നിയന്ത്രണം ഏറ്റെടുത്തതായി ഐ.എസ്. ആർ.ഒ. ചെയർമാൻ ഡോ.കെ. ശിവൻ അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബർ 11ന് റിസാറ്റ് 2ബി.ആർ.1 വിക്ഷേപിച്ചതിന് ശേഷം ആദ്യമായാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണം നടക്കുന്നത്. ഇക്കൊല്ലം ജനുവരിയിൽ ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് ജി - സാറ്റ് 30 വിക്ഷേപിച്ചിരുന്നു. പി.എസ്.എൽ.വിയുടെ തുടർച്ചയായ 51മത്തെ വിക്ഷേപണമാണിത്.

ഉപഗ്രഹങ്ങൾക്ക് പേരിടാൻ പുതിയ രീതി

നേരത്തെ ഉപഗ്രഹങ്ങളിലെ ഉപകരണങ്ങളെ അടിസ്ഥാനമാക്കിയാണ് പേരിട്ടിരുന്നതെങ്കിൽ ഇനി ഉപഗ്രഹങ്ങളുടെ ദൗത്യവുമായി ബന്ധപ്പെട്ടാവും പേര്. റഡാർ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2ബി.ആർ 2 ഉപഗ്രഹമാണ് ഇന്നലെ വിക്ഷേപിച്ചതെങ്കിലും അതിന്റെ പേര് ഇ.ഒ.എസ്. 01 എന്നാണ്. അതായത് എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്. ഇതുപോലെ മറ്റ് ഉപഗ്രഹങ്ങളുടെയും പേരുകൾ പരിഷ്ക്കരിക്കും.

ഇ.ഒ.എസ്. 01

ഭാരം 630 കിലോഗ്രാം

വൈദ്യുതകാന്തിക തരംഗങ്ങളെ അടിസ്ഥാനമാക്കി ഭൂമിയെ നിരീക്ഷിക്കുന്ന ഉപഗ്രഹം മികച്ച ചിത്രങ്ങൾ പകർത്താൻ സിന്തറ്റിക് അപ്പർച്ചർ റഡാർ.

റിസാറ്റ് 2ബി. റിസാറ്റ് 2ബി.ആർ.1 ഉപഗ്രഹങ്ങൾ കൂടി ചേർന്ന് 24മണിക്കൂറും പ്രവർത്തിക്കുന്ന കാലാവസ്ഥാ നിരീക്ഷണ സംവിധാനമുണ്ടാക്കും. മറ്റ് രണ്ട് ഉപഗ്രഹങ്ങൾക്ക് പകരം ഇ.ഒ.എസ്.പരമ്പരയിലെ രണ്ട് പുതിയ ഉപഗ്രഹങ്ങൾ ഉടൻ വിക്ഷേപിക്കും. കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയവയ്ക്ക് അനുഗ്രഹം.

അടുത്ത വിക്ഷേപണങ്ങൾ