ബംഗളുരു: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനായെന്ന് ഇ.ഡി ബംഗളൂരു സെഷൻസ് കോടതിയെ അറിയിച്ചു. മറ്റിടങ്ങളിലെ റെയ്ഡിൽ ബിനീഷിന്റെ ബിനാമിയിടപാടുകൾ തെളിയിക്കുന്ന രേഖകളും കിട്ടി. ഡിജിറ്റൽ ഡിവൈസുകളിലെ ഡേറ്റാ മായ്ചു കളഞ്ഞിട്ടുണ്ട്. ഇത് വീണ്ടെടുക്കണം.
ബംഗളൂരു ഹയാത്ത് ഹോട്ടലിന്റെ വിലാസത്തിൽ അനൂപിന്റെ പേരിലുള്ള ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഡെബിറ്ര് കാർഡാണ് ബിനീഷിന്റെ വീട്ടിൽ നിന്ന് പിടിച്ചത്. ഈ ഹോട്ടലിന് പണം മുടക്കിയത് ബിനീഷാണ്. അനൂപും ബിനീഷും ഈ കാർഡ് ഉപയോഗിച്ചിട്ടുണ്ട്. കാർഡിനു പിന്നിൽ ഒപ്പിട്ടിരിക്കുന്നത് ബിനീഷാണ്. കാർഡ് ഇ.ഡി കോടതിയിൽ ഹാജരാക്കി.
ബിനീഷിന്റെ മൂന്ന് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട്. ബിനീഷ് നിയന്ത്രിച്ച കമ്പനികളുടെ ഡയറക്ടർമാരായിരുന്നു മയക്കുമരുന്ന് കേസിലെ പ്രതികളായ അനൂപും റിജേഷും. അനൂപിന്റെ അക്കൗണ്ടുകളിലേക്ക് വന്ന പണം ബിനീഷിന്റെ ബിനാമികളുടേതാണ്. സാമ്പത്തിക ഇടപാടുകളുടെ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ബിനീഷുമായി ചേർന്ന് ലഹരിവ്യാപാരം നടത്തിയതായി അനൂപ് സമ്മതിച്ചിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു.