തിരുവനന്തപുരം: സർക്കാരിന്റെ നാല് വൻകിട പദ്ധതികളുടെ വിവരം തേടിയ കേന്ദ്ര ഏജൻസികളുടെ നീക്കം കേരളത്തിന്റെ വികസനം സ്തംഭിപ്പിക്കാനുള്ള ആസൂത്രിത ഇടപെടലെന്ന് സി.പി.എമ്മിന്റെ വിലയിരുത്തൽ. ഇതിനെതിരെ സി.പി.എമ്മും ഇടതുമുന്നണിയും ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുന്നു. 10ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ വിശദാംശങ്ങൾ തീരുമാനിക്കാൻ ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാനസമിതി യോഗം തീരുമാനിച്ചു.
സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ തകർക്കാൻ ആസൂത്രിതനീക്കം നടത്തുകയാണെന്ന് യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള രാഷ്ട്രീയത്തിലിടപെടാൻ അന്വേഷണ ഏജൻസികൾ തലങ്ങും വിലങ്ങും നടക്കുന്നു. ഇതിനെ തുറന്നുകാട്ടാൻ ശക്തമായ പ്രചാരണം നടത്തും.
സർക്കാരിന്റെ വികസന പദ്ധതികൾ എൽ.ഡി.എഫിനനുകൂലമായ രാഷ്ട്രീയസാഹചര്യം സൃഷ്ടിക്കുമെന്ന് കണ്ടപ്പോഴാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ബി.ജെ.പി ഇടപെടൽ. സ്മാർട്ട്സിറ്റി, ഇ-മൊബിലിറ്റി, കെ-ഫോൺ, ടോറസ് ഡൗൺടൗൺ പദ്ധതികളിൽ തെറ്റായ എന്തുകാര്യം നടന്നെന്ന പരാതിയാണുയർന്നത്. ഇതിലിടപെട്ട് സംസ്ഥാനത്ത് ഒരു വികസനവും നടക്കരുതെന്ന സന്ദേശം നൽകുകയാണ്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനുള്ള അധികാരമേറ്റെടുക്കാൻ ഇ.ഡിക്ക് എന്തവകാശം?
മറ്റു ചില സംസ്ഥാനങ്ങളിൽ സർക്കാരുകളെ അട്ടിമറിച്ചത് പോലെ ഇവിടെ നടക്കില്ലെന്ന് മനസ്സിലാക്കിയാണ് വികസനം സ്തംഭിപ്പിക്കാൻ ശ്രമിക്കുന്നത്. എല്ലാം ബി.ജെ.പിയുടെ താത്പര്യമനുസരിച്ചാണ്. അന്വേഷണ ഏജൻസികൾ മാദ്ധ്യമങ്ങൾക്ക് വിവരങ്ങളും പ്രതികളുടെ മൊഴികളും ചോർത്തിക്കൊടുക്കുകയും അവയെ വച്ച് രാഷ്ട്രീയചർച്ച സംഘടിപ്പിക്കുകയുമാണ്. ബി.ജെ.പി മുഖപത്രം നൽകുന്ന വാർത്തയെ അടിസ്ഥാനമാക്കിയാണ് അന്വേഷണം. ആ വാർത്തകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി കോടതിയിൽ കൊടുത്ത് അന്വേഷിക്കാൻ പറയുന്നു. അന്വേഷണഗതി തീരുമാനിക്കുന്നത് ബി.ജെ.പിയാണ്.
എന്നാൽ, പ്രതിപക്ഷ നേതാക്കളായ കെ.പി.എ. മജീദ്, കെ.എം. ഷാജി, എം.സി. കമറുദ്ദീൻ, ആര്യാടൻ ഷൗക്കത്ത്, ഇബ്രാഹിംകുഞ്ഞ് എന്നിവരെയൊക്കെ ഇ.ഡി ചോദ്യം ചെയ്ത വാർത്തകൾ അവർ ചോർത്തിക്കൊടുക്കുന്നില്ല. സർക്കാരിനെ അസ്ഥിരീകരിക്കാനാണ് മന്ത്രി കെ.ടി. ജലീലിനെയും മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെയും വിളിപ്പിക്കുന്നത്. സർക്കാരിനെതിരായ ബോധപൂർവമായ നീക്കത്തിന്റെ ഭാഗമാണത്. സർക്കാർ പ്രവർത്തനത്തെ ദുർബലപ്പെടുത്താനും അട്ടിമറിക്കാനുമാണത്.
അന്വേഷണ ഏജൻസിക്ക് ന്യായമായി പ്രവർത്തിക്കാം. എന്നാൽ, നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കേന്ദ്ര ഏജൻസികൾ അന്വേഷണമാരംഭിക്കുകയും പ്രതികളായ നേതാക്കൾ ബി.ജെ.പിയുടെ ഭാഗമാകുന്നതോടെ മരവിപ്പിക്കുകയുമാണ്. കോൺഗ്രസ് നേതാക്കളായ ചിദംബരത്തെയും ഡി.കെ. ശിവകുമാറിനെയും റോബർട്ട് വധേരയെയും ഏറ്റവുമൊടുവിൽ പഞ്ചാബ് മുഖ്യമന്ത്രിയേയും വരെ ഇ.ഡി കേസിൽപ്പെടുത്തി. അതെല്ലാം രാഷ്ട്രീയപ്രേരിതമെന്ന് കോൺഗ്രസ് അഖിലേന്ത്യാനേതൃത്വം കാണുമ്പോൾ ഇവിടത്തെ കോൺഗ്രസ് പറയുന്നത് അത് വേറെയാണെന്നാണ്.