cpm

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- ബി.ജെ.പി ബാന്ധവത്തിന്റെ തെളിവായി കേന്ദ്ര ഏജൻസികളുടെ അന്വേഷണ വിവാദങ്ങൾ ഉയർത്തിക്കാട്ടാനും ആരോപണം ശക്തമാക്കാനും സി.പി.എം തീരുമാനം. കേരളത്തിൽ കോൺഗ്രസ് ബി.ജെ.പിയുടെ വാലാകുന്നുവെന്ന പ്രചാരണമുയർത്തും. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തെ വിവാദ കേസുകളിൽ അന്വേഷണം വേഗത്തിലാക്കി യു.ഡി.എഫ് നേതൃത്വത്തെ പ്രതിരോധത്തിലാക്കും.

കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം തുറന്നുകാട്ടുമ്പോൾ ഇവിടെ അഖിലേന്ത്യാനേതൃത്വത്തെ തന്നെ തള്ളിപ്പറയുന്നു. വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കിനുള്ള യു.ഡി.എഫ് നീക്കത്തിനെതിരെയും നിലപാട് കടുപ്പിക്കും. ഇത് ആർ.എസ്.എസിന് ഇടപെടാൻ അവസരമൊരുക്കുന്നതാണ്.

പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടുകളും രാമക്ഷേത്ര നിർമ്മാണത്തിൽ കോൺഗ്രസിനകത്തെ മൃദുസമീപനങ്ങളും തുറന്നുകാട്ടും. ബി.ജെ.പിയെ ദേശീയതലത്തിൽ പ്രതിരോധിക്കാനുള്ള രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായി പശ്ചിമബംഗാളിലുൾപ്പെടെ കോൺഗ്രസുമായി രാഷ്ട്രീയസഖ്യത്തിന് തീരുമാനിച്ചതും സി.പി.എം സംസ്ഥാന സമിതി അംഗീകരിച്ചിട്ടുണ്ട്.

എൽ.ജെ.ഡിയും ജോസ് കെ. മാണിയും മുന്നണി വിട്ടതോടെ വെൽഫെയർപാർട്ടിയുമായും എസ്.ഡി.പി.ഐയുമായി മുന്നണിയുണ്ടാക്കി തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് കോൺഗ്രസെന്ന് കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുസ്ലിം സംഘടനകളെ ഏകോപിപ്പിച്ച് മതധ്രുവീകരണമുണ്ടാക്കുന്നത് ബി.ജെ.പിക്ക് കടന്നുവരാൻ സഹായകമാകും.