തിരുവനന്തപുരം: മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്, ക്രിമിനൽ കുറ്റത്തിനായതിനാൽ നിയമതടസം ഇല്ലെങ്കിലും നിയമസഭാസമിതി അദ്ദേഹത്തിന് നോട്ടീസയച്ചതിന് തൊട്ടുപിന്നാലെ അറസ്റ്റുണ്ടായതിൽ നിയമവൃത്തങ്ങളിൽ ആശയക്കുഴപ്പം.
കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ജെയിംസ് മാത്യുവിന്റെ പരാതി പരിഗണിച്ച നിയമസഭാ എത്തിക്സ് കമ്മിറ്റി ഖമറുദ്ദീനെതിരായ പരാതിയും പരിഗണിച്ചിരുന്നു. തൃക്കരിപ്പൂരിലെ സി.പി.എം അംഗം എം. രാജഗോപാലന്റെ പരാതിയാണ് പരിഗണിച്ച് കമറുദ്ദീന് സമിതി നോട്ടീസയച്ചത്. അത് നിലനിൽക്കെ, സഭയുടെ അനുമതി വാങ്ങാതെയുള്ള അറസ്റ്ര് സഭയോടുള്ള അവഹേളനമാകുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.
സഭയിലെ സിറ്റിംഗ് അംഗം വഞ്ചനാകുറ്റം നടത്തിയത് സഭയോടുള്ള അവഹേളനമായതിനാൽ നടപടി ആവശ്യപ്പെട്ടാണ് രാജഗോപാലൻ രണ്ട് മാസം മുമ്പ് സ്പീക്കർക്ക് പരാതി നൽകിയത്. അത് സ്പീക്കർ സഭാസമിതിക്ക് റഫർ ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞദിവസം സമിതി യോഗം ഇതും പരിഗണിച്ച് നോട്ടീസയച്ചത്. നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെങ്കിൽ അംഗത്വം റദ്ദാക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയേക്കാം. അതിനിടയിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. അറസ്റ്റ് സംഭവിച്ചതിനാൽ എം.എൽ.എയ്ക്ക് നോട്ടീസിന് നിശ്ചിതസമയത്തിനകം മറുപടി നൽകാനായെന്ന് വരില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.