നെയ്യാറ്റിൻകര: അടച്ചുപൂട്ടലിന്റെ നാളുകളിൽ മനോഹരമായ ബോട്ടിൽ വർക്കുകളുമായി വിദ്യാർത്ഥിനി.
ചായ്ക്കോട്ടുകോണം ദേവറോസ് നഗർ 'ആമ്പാടിയിൽ 'ഹരിയുടെയും സജിതയുടെയും മകൾ ദേവികയാണ് സുന്ദരങ്ങളായ ബോട്ടിൽ വർക്കുകളിലൂടെ ഏവരുടെയും മനം കവരുന്നത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ലഭിച്ച ഇടവേളയിലാണ് ദേവിക ബോട്ടിൽ വർക്കുകളിലേക്ക് തിരിഞ്ഞത്. സമൂഹമാദ്ധ്യമങ്ങളായിരുന്നു പ്രേരണ. ആറ് മാസം പിന്നിട്ടപ്പോൾ ദേവികയുടെ ഭാവനയിൽ വിരിഞ്ഞത് നൂറോളം കലാസൃഷ്ടികലാണ്. വാട്ടർ കളറും പെയിന്റുമാണ് രചനകൾക്കായി ഉപയോഗിക്കുന്നത്. വിവരം അറിഞ്ഞെത്തിയ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ദേവിക ഇഷ്ടാനുസരണമുള്ള സൃഷ്ടികൾ സമ്മാനിച്ചു. പ്രതിഫലമായി ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും150 രൂപ മുതൽ 1500 രൂപ വരെ ചിലർ നൽകി. ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയ വിശേഷ അവസരങ്ങളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇപ്പോൾ കൈമാറുന്നത് ദേവികയുടെ കരവിരുതിലൂടെ വിരിഞ്ഞ ചിത്രപ്പണികൾ നിറഞ്ഞ ബോട്ടിലുകളാണ്. ബന്ധുക്കളും നാട്ടുകാരും നൽകുന്ന ബോട്ടിലുകൾക്ക് പുറമേ ആവശ്യമായവ കടകളിൽ നിന്നും സ്വരൂപിക്കുകയാണ് പതിവ്. ഏക സഹോദരൻ അമ്പാടിയും ദേവികയെ സഹായിക്കാറുണ്ട്.