കിളിമാനൂർ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള മാരത്തോൺ ചർച്ചകൾ ഒരു ഭാഗത്തു പുരോഗമിക്കവെ തീരുമാനമായ സീറ്റുകളിൽ പാർട്ടിയുടെ നിർദേശത്തിനു കാത്തു നിൽക്കാൻ ക്ഷമയില്ലാത്ത സ്ഥാനാർത്ഥികൾ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഡിസംബർ 8ന് ജില്ലയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്‌ഷൻ കമ്മിഷൻ പ്രഖ്യാപിച്ചതോടെ എത്രയും പെട്ടെന്ന് മൂന്ന് തലങ്ങളിലെയും മുഴുവൻ സ്ഥാനാർത്ഥികളെയും നിശ്ചയിച്ചു കളത്തിലിറക്കുകയെന്ന വെല്ലുവിളിയാണ് പാർട്ടി നേതൃത്വങ്ങൾ നേരിടുന്നത്. എതിർപ്പുകളിലാത്ത സീറ്റുകളിലാണ് പ്രചാരണം ആരംഭിച്ചത്.
ആദ്യ ഘട്ടമെന്നോണം ചുവരെഴുത്തുകൾ ആരംഭിച്ചു. സ്ഥാനാർത്ഥി നിർണയമായിട്ടില്ലാത്ത വാർഡുകളിൽ ചുവർ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
കുടുംബ വോട്ട്
കുടുംബ വോട്ടുകൾ ഏറ്റവും സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ളത്. അതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വീട് വീടാന്തരം കയറി പരമാവധി ആളുകളെ സ്വാധീനിക്കാനുള്ള പ്രവർത്തനങ്ങളാകും എല്ലാ സ്ഥാനാർത്ഥികളും അണികളും ലക്ഷ്യമിടുന്നത്.
കാശാണ് പ്രശ്നം
കൊവിഡ് കാലത്ത് പ്രചാരണത്തിനുള്ള പണം കണ്ടെത്തുന്നത് മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും വെല്ലുവിളിയാണ്. ഓരോ സ്ഥാനാർത്ഥിയും ചുരുങ്ങിയത് മൂന്ന് തരം ഫോട്ടോകളെങ്കിലും ഉപയോഗിച്ചാണ് പോസ്റ്ററുകൾ പുറത്തിറക്കുക. ഫ്ളക്സുകൾക്ക് നിരോധനമുള്ളതിനാൽ തുണി ബാനറാണ് ആശ്രയം. ഇവയ്ക്ക് ചെലവ് മൂന്നിരട്ടിയാണ്. കൂടാതെ വിവിധ തരം പ്രിന്റിംഗുകൾക്കും വലിയ തുക ചെലവാകും. ഇത്തവണ അഭ്യർത്ഥനയ്‌ക്കൊപ്പം മാസ്കും സാനിറ്റൈസറും വോട്ടർമാർക്ക് എത്തിക്കാനും സ്ഥാനാർത്ഥികൾ ആലോചിക്കുന്നുണ്ട്.
വാട്സ്ആപ്പ് സ്‌ക്വാഡ്
വീടുകളിൽ കയറിയുള്ള വോട്ടഭ്യർത്ഥനയ്ക്ക് പരമാവധി മൂന്ന് പേരെയാണ് അനുവദിച്ചിരിക്കുന്നത്. കൂട്ടമായി പ്രചാരണത്തിനിറങ്ങാൻ നിയന്ത്രണമുള്ളതിനാൽ സ്‌ക്വാഡ് വർക്കുകൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ് ബുക്ക് പേജുകളിലുമാണ് നടക്കുന്നത്. ഇതിനായി പ്രേത്യേക സംഘത്തെ തന്നെ നിയോഗിച്ച സ്ഥാനാർത്ഥികളുണ്ട്.