df

വർക്കല: കാപ്പിൽ തീരത്തിന്റെ ടൂറിസം വികസന സാദ്ധ്യതകൾ കണക്കിലെടുത്ത് സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നാവശ്യം ശക്തമാകുന്നു. കടലും കായലും സംഗമിക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് കാപ്പിൽ തീരം.

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് കാപ്പിൽ തീരം. വികസനകാര്യങ്ങളിൽ പലപ്പോഴും കാപ്പിൽ പ്രദേശത്തിന് അവഗണനയാണ്. ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിന് അനുമതി ലഭിച്ചതോടെ കാപ്പിൽ തീരത്ത് നിരവധി പേർ എത്തുന്നുണ്ട്. എന്നാൽ ഇവർക്ക് വേണ്ട യാതൊരു സൗകര്യങ്ങളും ഇവിടെയില്ല. കാപ്പിൽ ബോട്ട് ക്ലബിന് അനുബന്ധമായുള്ള വികസന പദ്ധതി മാത്രമാണ് ഭാഗികമായെങ്കിലും ഇവിടെ നടപ്പിലായത്. 2019 ഫെബ്രുവരിയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 4 കോടി രൂപ ചെലവഴിച്ചാണ് കാപ്പിൽ കായലിൽ ബോട്ട് ജെട്ടിയും കായൽ പരപ്പിലെ ഫ്ലോട്ടിംഗ് റസ്റ്റോറന്റും ഉൾപ്പെടുന്ന പദ്ധതി യാഥാർത്ഥ്യമാക്കിയത്. സീ ലൈഫ് ലിഷർ പാർക്കിന് കാപ്പിൽ തീരം അനുയോജ്യമാണെന്ന് സെൻട്രൽ മറയിൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയെങ്കിലും പാർക്ക് യാഥാർത്ഥ്യമാക്കാൻ നടപടികളൊന്നുമുണ്ടായില്ല.

2007ൽ കാപ്പിൽ തീരദേശ ടൂറിസം പദ്ധതി പ്രഖ്യാപനം നടന്നെങ്കിലും യാഥാർത്ഥ്യമായില്ല. മനോഹരമായ പാർക്ക്, ആധുനികരീതിയിലുള്ള സന്ദർശന ഗാലറി, റസ്റ്റോറന്റ്, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയവയെല്ലാം പദ്ധതിയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിൽ വന്ന വീഴ്ചയാണ് പദ്ധതി നടപ്പാകാതെ പോയത്.