കൊല്ലം: മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മിനിലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എഴുകോൺ അമ്പലത്തുംകാല അണ്ടൂർ കുഴിവിള വീട്ടിൽ പ്രഭു മുരളീധരനാണ് (29) മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്പലത്തുംകാല സരസ്വതി മന്ദിരത്തിൽ സൂരജിനെ (28) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസം വൈകിട്ട് കോളന്നൂർ സ്വകാര്യ സ്കൂളിന് സമീപമായിരുന്നു അപകടം. വയറിംഗ് ജോലി കഴിഞ്ഞ് വരികയായിരുന്നു സൂരജും പ്രഭുവും. കൊട്ടാരക്കര ഭാഗത്തേക്ക് പോയ തമിഴ്നാട് മിനിലോറി എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും പ്രഭുവിനെ രക്ഷിക്കാനായില്ല. പൊലീസ് മിനി ലോറി കസ്റ്റഡിയിലെടുത്തു. പ്രഭുവിന്റെ ഭാര്യ അഖില.