കിളിമാനൂർ: നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ അന്യസംസ്ഥാന തൊഴിലാളികൾ ജില്ലയിലെക്ക് മടങ്ങി എത്തുന്നു. പശ്ചിമ ബംഗാൾ, ഒറീസ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാൻ തൊഴിലാളികൾ താത്പര്യം അറിയിച്ചിട്ടുണ്ട്. പ്രതിസന്ധിയുടെ കാലത്തും നാട്ടിലേക്ക് മടങ്ങാതെ ജില്ലയിൽ തങ്ങിയ തൊഴിലാളികളെ ബന്ധപ്പെട്ടാണ് അവിടുത്തെ സാഹചര്യങ്ങൾ അന്വേഷിക്കുന്നത്. ഇതിനൊപ്പം നിർമ്മാണ മേഖലയിലേക്കും മറ്റും തൊഴിലാളികളെ നൽകുന്ന കരാറുകാരുമായും തൊഴിലാളികൾ ഫോണിൽ ബന്ധപ്പെടുന്നുണ്ട്. ഈ മാസം അവസാനത്തോടെ വലിയൊരു വിഭാഗം തൊഴിലാളികൾ മടങ്ങി എത്തുമെന്നാണ് പ്രതീക്ഷ. തൊഴിൽ വകുപ്പിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ മാർച്ചിൽ 35000ത്തിൽ അധികം അന്യ സംസ്ഥാന തൊഴിലാളികൾ ജില്ലയിലെ വിവിധ തൊഴിൽ മേഖലകളിൽ ഉണ്ടായിരുന്നു. കേരളത്തിൽ കൊവിഡ് വ്യാപനം തുടങ്ങിയ മാർച്ച് അവസാനത്തോടെ തൊഴിലാളികൾ പലരും സ്വന്തം നാടുകളിലേക്ക് മടങ്ങി തുടങ്ങിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലും വരുമാനവും നിലച്ച ഇവർ പ്രതിസന്ധിയിലായി. തുടർന്ന് സർക്കാർ ഇടപെട്ട് ഇവർക്ക് സൗജന്യ റേഷൻ വിതരണം നടത്തിയിരുന്നു. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചു പൊലീസും വലിയ തോതിൽ സഹായമെത്തിച്ചു. പിന്നീട് പ്രത്യേക ട്രെയിനുകൾ സജ്ജമാക്കി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് മടക്കുകയായിരുന്നു.