തിരുവനന്തപുരം: സ്പീക്കർ ബോക്സും വച്ചുകെട്ടി ഡി.ജെ. മ്യൂസിക്കും മുഴക്കി സ്ഥാനാർത്ഥിയുടെ കൂറ്റൻ ഫ്ലക്സും കൊടിതോരണങ്ങളുമായി പോകുന്ന പ്രചാരണ വാഹനങ്ങൾ ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ കുറവായിരിക്കും. പകരം വോട്ടർമാരുടെ മൊബൈൽ ഫോണിലൂടെയായിരിക്കും സ്ഥാനാർത്ഥി മാഹാത്മ്യം വിളമ്പുന്നതും എതിരാളിയെ പ്രഹരിക്കുന്നതും. ഇതിനായി പ്രത്യേക ടീമിനെ ഓരോ പാർട്ടിയും വാർഡ് അടിസ്ഥാനത്തിൽ നിയോഗിക്കും.
പരമാവധി വോട്ടർമാരുടെ ഫോൺ നമ്പരുകൾ ഓരോ പാർട്ടിക്കാരും ശേഖരിച്ചിട്ടുണ്ട്. അവ ചേർത്ത്
വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കും. ഫേസ്ബുക്ക് പേജിലും ഉൾപ്പെടുത്തും. ആദ്യമൊക്കെ നിഷ്പക്ഷ ഗ്രൂപ്പുകളായും പേജുകളായും പ്രത്യക്ഷപ്പെടുന്നവ പ്രചാരണം കൊഴുക്കുമ്പോൾ കൃത്യമായ രാഷ്ട്രീയ നിറം കാണിക്കും. അപ്പോൾ ഗ്രൂപ്പിൽ നിന്നു ചാടിപോകുന്നവർ, രേഖപ്പെടുത്തുന്ന കമന്റുകൾ തുടങ്ങിയവയിൽ നിന്ന് ഏകദേശ ട്രെന്റ് പിടികിട്ടും. അത്തരക്കാരെ നേരിട്ടുകണ്ട് സൗഹൃദത്തിലൂടെ വോട്ട് തിരിച്ചുപിടിക്കാൻ ശ്രമിക്കും. സ്ഥാനാർത്ഥികളുടെ വെർച്വൽ റാലികൾ, ലൈവ് പ്രസംഗങ്ങൾ ഒക്കെ മൊബൈലിൽ എത്തും.
കൗമാരക്കാർക്ക് ഇൻസ്റ്റഗ്രാം,ട്വിറ്റർ
പുതിയ വോട്ടർമാരായ കൗമാരക്കാരെയും ചെറുപ്പക്കാരെയും സ്വാധീനിക്കാൻ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ വഴിയാകും പ്രചാരണം. 18നും 25നും മദ്ധ്യേ പ്രായമുള്ളവർ കൂടുതലും ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ ഉള്ളവരാണ്.
നുഴഞ്ഞുകയറി
കലിപ്പുണ്ടാക്കാൻ
എതിർപാർട്ടിയുടെ ഗ്രൂപ്പിൽ കടന്നുകയറാൻ നുഴഞ്ഞുകയറ്റക്കാരെയും ഒരോ പാർട്ടിയും സജ്ജരാക്കിയിട്ടുണ്ട്. വ്യാജ ഐ.ഡികളിലായിരിക്കും നുഴഞ്ഞുകയറ്റം. ഏതു ഗ്രൂപ്പിലാണോ കടന്നുകയറുന്നത് അവിടെ സ്ഥാനാർത്ഥിക്കെതിരായ ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ് ദൗത്യം.
ടെക്കികൾക്ക് ഡിമാൻഡ്
ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളിലെ ടെക്കികളായിരിക്കും സോഷ്യൽ മീഡിയയിലെ പ്രചാരണം നയിക്കുന്നത്. സ്വന്തം പക്ഷത്തെ സ്ഥാനാർത്ഥിയെ പ്രകീർത്തിക്കുന്ന ചിത്രങ്ങളും വീഡിയോകളും എതിരാളികളെ പരിഹസിക്കുന്ന ട്രോളുകളും ഇവർ സൃഷ്ടിക്കും. ഇതിനായി സ്ഥാനാർത്ഥികളുടെയും നേതാക്കളുടേയും പഴയ ഫേസ്ബുക്ക് കുറിപ്പുകളും പ്രസംഗങ്ങളും മാന്തിയെടുക്കും.
''കൊവിഡ് കാലത്ത് സോഷ്യൽ മീഡിയ പ്രചാരണം നല്ലതാണ്. പക്ഷെ, വ്യക്തിഹത്യപാടില്ല.ആരോഗ്യപരമായ വോട്ടഭ്യർത്ഥന നല്ലതാണ് ''
- വി.ഭാസ്കരൻ,
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ