ചിറയിൻകീഴ്: മുരുക്കുംപുഴയുടെ വികസ സ്വപ്നത്തിന് പൊൻതൂവൽ ചാർത്താൻ കഴിയുന്ന മുരുക്കുംപുഴ - കഠിനംകുളം പാലം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കായലിന്റെ ഇരുകരകളിലായി അതിർത്തി പങ്കിടുന്ന മംഗലപുരം - കഠിനംകുളം ഗ്രാമപഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമാണിത്. പാലം വേണമെന്നാവശ്യത്തിന് പതിറ്റാണ്ടുകളാണ് പഴക്കം. ദിനംപ്രതി നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി കടത്തുവഴി അക്കരെയിക്കരെ യാത്ര ചെയ്യുന്നത്.
വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള കടത്തുകാരൻ സർവീസിൽ നിന്ന് വിരമിച്ചതോടെ പഞ്ചായത്തുവക കടത്തുവള്ളവും നിറുത്തലാക്കുകയായിരുന്നു.
ഒരു സ്വകാര്യവ്യക്തിയുടെ മേൽനോട്ടത്തിലുള്ള തോണിയാണ് ഇതുവഴിയുള്ള യാത്രക്കാരുടെ ഇപ്പോഴത്തെ ഏക ആശ്രയം. കഠിനംകുളം, മര്യനാട്, ചാന്നാങ്കര നിവാസികൾക്ക് ദേശീയ പാതയിലും അവിടെ നിന്ന് എം.സി റോഡിലേക്കും എളുപ്പമെത്താൻ ഇവിടെ ഒരു പാലം വന്നാൽ ഏറെ സഹായകമാവും.
അഴൂർ കടവ് പാലം, പെരുമാതുറ പാലം എന്നിവയൊക്കെ വന്നെങ്കിലും കഠിനംകുളത്തുകാർക്ക് എൻ.എച്ചിൽ പ്രവേശിക്കാൻ ഇപ്പോഴുമെളുപ്പം ഇവിടം വഴിയുള്ള പാലമാണ്. മാത്രവുമല്ല മലയോരമേഖലയായ നെടുമങ്ങാടിനെയും തീരദേശ മേഖലയായ കഠിനംകുളത്തെയും ബന്ധിപ്പിച്ചുകൊണ്ട് മത്സ്യകാർഷിക വിപണനം വ്യാപകമാക്കാനും സാധിക്കും. മുൻകാലങ്ങളിൽ നെടുമങ്ങാട് നിന്നും മുരുക്കുംപുഴ കടവ് വരെ എത്തുന്ന ബസ് സർവീസ് ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണ ഈ സർവീസ് മുരുക്കുംപുഴ ജംഗ്ഷൻ വരെയാക്കുകയായിരുന്നു. റെയിൽവേ ഗേറ്റ് കടക്കുന്നതിനായി കാത്തു കിടുക്കുന്നതാണ് ഇതിനു കാരണമായി പറഞ്ഞ് കേട്ടത്. ഇതുകാരണം മുരുക്കുംപുഴ കടത്തിൽ ഇറങ്ങുന്ന യാത്രക്കാരന് ബസിൽ കയറണമെങ്കിൽ ഒന്നരക്കിലോമീറ്ററോളം ജംഗ്ഷനിലെത്താൻ നടക്കണം. ഈ പാലം വന്നാൽ ഈ പ്രശ്നത്തിനെല്ലാം ശാശ്വത പരിഹാരം കാണാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പാലത്തിനായി മുൻപൊരിക്കൽ ബഡ്ജറ്റിൽ തുക വക കൊള്ളിച്ചതുമാണ്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളിൽ തുടർന്നു വന്ന സർക്കാരുകൾ അലംഭാവം കാണിച്ചതാണ് ഈ പദ്ധതി ഇപ്പോഴും അനന്തമായി നീളുന്നതിന് കാരണം.