തിരുവനന്തപുരം: മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട സംവരണം അട്ടിമറിക്കുംവിധം സർക്കാർ കൈക്കൊണ്ട നടപടികൾ തിരുത്തണമെന്നാവശ്യപ്പെട്ട് സമസ്ത നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. സാമ്പത്തിക സംവരണത്തിന്റെ മറവിൽ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടരുതെന്ന് നേതാക്കൾ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. സർക്കാരിന്റെ സംവരണ നിലപാടിൽ മാറ്റമില്ലെന്നും അർഹരായവർക്കാർക്കെങ്കിലും സംവരണ ആനുകൂല്യങ്ങളിൽ നഷ്ടമുണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മന്ത്രി കെ.ടി ജലീൽ, സമസ്ത സംവരണ സംരക്ഷണ സമിതി ചെയർമാൻ ഡോ. എൻ.എ.എം. ഖാദർ, ജനറൽ കൺവീനർ മുസ്തഫ മുണ്ടുപാറ, സമസ്ത മാനേജർ കെ. മോയിൻകുട്ടി എന്നിവർ പങ്കെടുത്തു.