കിളിമാനൂർ: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ അടിമുടി മാറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കാണ് സാക്ഷ്യം വഹിക്കുക. പരമ്പരാഗത പ്രചാരണ രീതികളിൽ വലിയ മാറ്റമുണ്ടാകും. കൊവിഡ് പെരുമാറ്റ ചട്ടത്തിനു അനുസരിച്ച് പ്രചാരണ പരിപാടികൾ ഇതിനകം ആസൂത്രണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. പ്രചാരണരംഗത്ത് പ്രധാന ആകർഷക ഇനമായി മാസ്ക് മാറും. ചിഹ്നങ്ങളും കൊടികളും സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും പതിച്ച മാസ്കുകൾ പ്രചാരണ രംഗത്ത് നിറയും. കൂട്ടം കൂടിയുള്ള പ്രചാരണ പരിപാടികൾക്ക് കടുത്ത നിയന്ത്രണം നില നിൽക്കുന്നതിനാൽ സൈബർ ഇടങ്ങൾ പ്രധാന പ്രചാരണ വേദി യാകും.
പൊതു യോഗങ്ങൾ മുതൽ വോട്ടഭ്യർത്ഥന വരെ സമൂഹ മാദ്ധ്യമങ്ങൾ വഴിയാകും. ഇതിനായുള്ള പ്രത്യേക പരിശീലനം എല്ലാ പാർട്ടികളും പൂർത്തിയാക്കി. പോസ്റ്റർ തയ്യാറാക്കൽ മുതൽ ഹ്രസ്വ വീഡിയോകൾ വരെ ഒരുക്കുന്നതിന് പ്രേത്യേക സംഘങ്ങളുണ്ട്. വാർഡുകൾ കേന്ദ്രീകരിച്ച് മുഴുവൻ വോട്ടർമാരുടെയും വാട്സ് ആപ്പ് നമ്പറുകൾ ശേഖരിക്കുന്ന പ്രവർത്തനം പൂർത്തിയായി. ഭരണ സമിതിയുടെ നേട്ടങ്ങളും കോട്ടങ്ങളും ഹ്രസ്വ വീഡിയോകളിലൂടെ വോട്ടർമാരിലെത്തിച്ചു സ്വാധീനം ഉറപ്പിക്കുന്നതിനാണു ഭരണ പ്രതിപക്ഷ കക്ഷികളുടെ ശ്രമം.
മികച്ച നിലവാരത്തിലുള്ള വീഡിയോകളാണ് ഒരുക്കുന്നത്. സൂം, ഗൂഗിൾ മീറ്റ് ഉൾപ്പെടെയുള്ള അപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തി പരമാവധി ഒത്തു ചേരലുകൾ സംഘടിപ്പിക്കാനാണു തീരുമാനം. ഇന്നും നാളെയുമായി പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.
തർക്ക വാർഡുകൾ ഒഴിച്ച് മറ്റു സ്ഥാനാർത്ഥികളെ അനൗദ്യോഗികമായി പ്രഖ്യാപിക്കും. മുന്നണികൾക്കിടയിൽ നില നിന്നിരുന്ന പ്രശ്നങ്ങൾക്ക് ഉഭയ കക്ഷി ചർച്ചയിലൂടെ ഏകദേശ പരിഹാരം കണ്ടെത്തിയിട്ടുണ്ട്.
ചുമർ എഴുത്തും കൊടി തോരണങ്ങളും പതിവ് പോലെ ഉണ്ടാവുമെങ്കിലും പ്രചാരണത്തിന്റെ ഹൈ ടെക് രീതിയിലേക്കുള്ള സമ്പൂർണ മാറ്റത്തിന് വഴിഒരുക്കും.