govt-press

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പ്രമാണിച്ച് സർക്കാർ പ്രസ്സുകളിൽ ജീവനക്കാരെ തുടർച്ചയായി 15 മണിക്കൂർ ജോലി ചെയ്യിക്കുന്നതായി ആക്ഷേപം. രാവിലെ 7.30 മുതൽ രാത്രി 10.30 വരെ ജോലി ചെയ്യണമെന്നാണ് അച്ചടി വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. വനിതകൾ രാത്രി 9 മണിവരെ ജാേലി ചെയ്യണം.

രണ്ട് ഷിഫ്റ്റിലുള്ളവർ ഒരുമിച്ച് ജോലി ചെയ്യേണ്ട അവസ്ഥയായി. കൊവിഡ് മാനദണ്ഡം തകിടം മറിഞ്ഞു.
തിരഞ്ഞെടുപ്പ് ജോലികൾ ഒരു മാസം മുൻപ് ലഭിച്ചെങ്കിലും സമയബന്ധിതമായി അതു തുടങ്ങാൻ അധികൃതർ ജാഗ്രത കാട്ടിയില്ല.

രാത്രി 10.30 ന് ഡ്യൂട്ടി കഴിഞ്ഞ് പല ജീവനക്കാരും വീട്ടിലെത്തുക അർദ്ധരാത്രി കഴിയുമ്പോഴാണ്. വീണ്ടും രാവിലെ 7.30ന് ഡ്യൂട്ടിക്ക് എത്താൻ പുലർച്ചെ പുറപ്പെടുകയും വേണം.

അധികജോലി ചെയ്യിക്കുന്നത് ഒരു ദിവസം രണ്ടു മണിക്കൂറിൽ കൂടുതൽ പാടില്ലെന്നാണ് നിയമം. എന്നാൽ, 15 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യാത്തവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നാണ് മേലധികാരിയുടെ മുന്നറിയിപ്പ്. മനുഷ്യാവകാശ കമ്മിഷനിലും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിലും പരാതി നൽകാനൊരുങ്ങുകയാണ് ജീവനക്കാർ.

തിരഞ്ഞെടുപ്പ് ജോലികൾ അധികമായതിനാലാണ് പുതിയ ക്രമീകരണം.പരാതികൾ ശ്രദ്ധയിൽപ്പെട്ടില്ല.

എ.സലീം

പ്രസ് സൂപ്പ്രണ്ട്

15 മണിക്കൂർ ജോലി ചെയ്യിക്കുന്നത് നിയമ വിരുദ്ധമാണ്.പരാതി കിട്ടിയാൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ആക്ട് പ്രകാരം നോട്ടീസ് നൽകിയശേഷം നടപടിയെടുക്കും.

പി.പ്രമോദ്

ഡയറക്ടർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്

തിരഞ്ഞെടുപ്പ് ജാേലി

# തിരഞ്ഞെടുപ്പ് ഫോമുകളും മറ്റും ഇടാനുള്ള കവറുകൾ -1 കോടി

# സ്റ്റാട്ട്യൂട്ടറി ഫോം -40000

# നോൺ സ്റ്റാട്ട്യൂട്ടറി ഫോം- 40000

# റിട്ടേണിംഗ് ഓഫീസർമാരുടെ ഹാൻഡ് ബുക്ക് -2 ലക്ഷം,

# ഇ.വി.എം മെഷീനിലേക്കുള്ള ബാലറ്റ് പേപ്പർ - 2.5 ലക്ഷം (തുടക്കത്തിൽ)

# ബൂത്തിലേക്കുള്ള ഫോമുകൾ- 2 ലക്ഷം (തുടക്കത്തിൽ)

തുടരുന്ന മറ്റ് അച്ചടി

സർക്കാർ ഡയറി,കലണ്ടർ,ഒ.എം.ആർ ഷീറ്റുകൾ,തപാൽ ബുക്കുകൾ,പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറികൾ,പരീക്ഷാ ഉത്തരകടലാസുകൾ,പെൻഷൻ ബുക്കുകൾ