തിരുവനന്തപുരം: സ്‌കോൾ കേരളയുടെ വൈസ് ചെയർമാനായി തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ പി. പ്രമോദിനെ നിയമിച്ച നടപടി നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് കെ.പി.എസ്.ടി.എ. തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടു മുമ്പ് ധൃതി പിടിച്ചെടുത്ത തീരുമാനം സ്‌കോൾ കേരളയിൽ നടത്താൻ പോകുന്ന വ്യാപക പാർട്ടി നിയമന ക്രമക്കേടുകളുടെ ആദ്യ പടിയാണ്. ഫിനാൻസ് ഡിപ്പാർട്ടുമെന്റ് ഇതുവരെ സൃഷ്ടിക്കാത്ത തസ്തികയിലേക്കാണ് നിയമനം നടത്തിയിരിക്കുന്നത്.
സ്‌കോൾ കേരളയിൽ സി.പി.എം നേതാക്കളുടെ ബന്ധുക്കളെ സ്ഥിരപ്പെടുത്താൻ ശ്രമിച്ചത് ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരിക്കുമ്പോഴാണ് പുതിയ നിയമനം. ചട്ടവിരുദ്ധമായ നിയമനം റദ്ദാക്കി വിദ്യാഭ്യാസ വകുപ്പിനു കീഴിൽ നടന്ന വഴിവിട്ട നിയമനങ്ങളെല്ലാം അന്വേഷണ വിധേയമാക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ അജിത് കുമാറും ജനറൽ സെക്രട്ടറി എം. സലാഹുദ്ദീനും ആവശ്യപ്പെട്ടു.