lcc

തിരുവനന്തപുരം: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയരുമ്പോൾ തുമ്പയിലെ വി.എസ്.എസ്.സി.കേന്ദ്രത്തിലെ ലോഞ്ച് കൺട്രോൾ സെന്ററിൽ നിന്നായിരിക്കും ഇനി മുതൽ അതു നിയന്ത്രിക്കുന്നത്. ആദ്യമായാണ് ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയ്ക്ക് പുറത്ത് റോക്കറ്റ് നിയന്ത്രണ കേന്ദ്രം തുറക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കും ശ്രീഹരിക്കോട്ടയിലേക്ക് പോകാൻ തടസ്സം നേരിട്ടതാണ് കാരണം.. ഓരോ വിക്ഷേപണത്തിനും ഇരുന്നൂറോളം വിദഗ്ദ്ധരാണ് പോയിരുന്നത്. ലോഞ്ച് കൺട്രോൾ സംവിധാനം സജ്ജമാക്കിക്കഴിഞ്ഞു. ശനിയാഴ്ചത്തെ പി.എസ്. എൽ.വി.സി-49 റോക്കറ്റിന്റെ വിക്ഷേപണത്തിലാണ് ആദ്യമായി പരീക്ഷിച്ചത്. പകുതിയോളം വിദഗ്ദ്ധർ തുമ്പയിലും ബാക്കിയുള്ളവർ ശ്രീഹരിക്കോട്ടയിലും കാര്യങ്ങൾ നിയന്ത്രിച്ചു. അടുത്ത വിക്ഷേപണങ്ങളിൽ നിയന്ത്രണം തുമ്പയിലുമുണ്ടാകും.

തുമ്പയിലെ സംവിധാനം

ലോഞ്ച് കൺട്രോൾ

റോക്കറ്റ് സജ്ജമാക്കിയശേഷം ഉപഗ്രഹവുമായി കുതിച്ചുയർന്ന് ദൗത്യം പൂർത്തിയാക്കുന്നതുവരെയുള്ള നിയന്ത്രണമാണ് ലോഞ്ച് കൺട്രോൾ സെന്ററിനുള്ളത്. മുന്നോറോളം എൻജിനിയർമാരും ശാസ്ത്രജ്ഞരും അടങ്ങുന്ന ടീമാണ് നിയന്ത്രിക്കുന്നത്. ഇരുന്നൂറോളം പേർ സിസ്റ്റം ബോർഡുകളുടെ മുന്നിലും നൂറോളം പേർ റോക്കറ്റിനടുത്തും ഉണ്ടാകും. അഞ്ചു മുതൽ പത്തു ദിവസംവരെ ദൗത്യം നീണ്ടുനിൽക്കും. മൂന്ന് ഘട്ടങ്ങളുണ്ട്. ഒാരോഘട്ടത്തിലും മൂന്ന് തലം എന്ന ക്രമത്തിൽ അരലക്ഷത്തിലേറെ പോയിന്റുകൾ നിരീക്ഷിച്ച് ഉറപ്പ് വരുത്തുന്ന സംവിധാനമാണിത്. ഇതിലെ സൂക്ഷ്മതയാണ് റോക്കറ്റിന്റെ വിജയത്തിന് അടിസ്ഥാനം.

നേട്ടങ്ങൾ

ഇന്ധനം നിറച്ച റോക്കറ്റ് നിന്നത് പത്തുമാസം

കൊവിഡ് കാരണം പി.എസ്.എൽ.വി.സി-49 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ കുത്തനെ നിന്നത് പത്തുമാസം. അതിലെ ഖരഇന്ധനം കത്തുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇതിന്റെ രാസ,താപ പരിശോധനകളെല്ലാം നടത്തിയശേഷമായിരുന്നു വിക്ഷേപണം. ആദ്യമായാണ് ഇങ്ങനെ ചെയ്യേണ്ടിവന്നത്.