ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ തിരഞ്ഞെടുപ്പിൽ 31 വാർഡുകളിലേക്കും എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. യു.ഡി.എഫിലും ബി.ജെ.പിയിലും ചിലയിടങ്ങളിൽ തർക്കം നിലനിൽക്കുന്നതിനാൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായില്ല. ഇരുമുന്നണികളും ഇന്ന് ചിലപ്പോൾ പ്രഖ്യാപിച്ചേക്കും. നിലവിൽ 22 കൗൺസിലർമാരാണ് എൽ.ഡി.എഫിനുള്ളത്. ഇതിൽ രണ്ടുപേർ‌ സി.പി.ഐയും ബാക്കിയുള്ള 20 പേർ സി.പി.എമ്മുമാണ്. യു.ഡി.എഫിന് അഞ്ചുപേരാണ് നിലവിലുള്ളത്. 4 ബി.ജെ.പി കൗൺസിലർമാരുമുണ്ട്. കഴിഞ്ഞ തവണ ജനറലായ വാർഡുകൾ വനിതകൾക്കും വനിതകൾക്ക് സംവരണം ചെയ്തിരുന്നത് ജനറലും ആയിട്ടുണ്ട്. പൂവൻപാറ കഴിഞ്ഞ തവണയും ഇക്കുറിയും വനിതാ വാർഡുതന്നെയാണ്. കഴിഞ്ഞ തവണ വിജയിച്ച ആൾ തന്നെയാണ് ഇക്കുറിയും ഇവിടത്തെ സി.പി.എം സ്ഥാനാർത്ഥി. മനോമോഹന വിലാസവും പാലസും എസ്.സി വനിതയ്ക്കും കൊട്ടിയോട് എസ്.സി ജനറലിനുമായി സംവരണം ചെയ്തിരിക്കുന്നു. പല വാർഡുകളിലും യുവാക്കളെ രംഗത്തിറക്കി ഭൂരിപക്ഷം കൂട്ടാനുള്ള തന്ത്രമാണ് എൽ.ഡി.എഫ് മെനയുന്നത്.ഘടകകക്ഷിയായ സി.പി.ഐയ്ക്ക് കൊച്ചുവിള, ആറാട്ടുകടവ്,​ മനോമോഹന വിലാസം,​ മൂന്നുമുക്ക്,​ പാർവതീപുരം എന്നീ വാർഡുകൾ നൽകിയിട്ടുണ്ട്.