കൊല്ലം: വിവിധ ഉത്പന്നങ്ങളുടെ പേരിലുള്ള തട്ടിപ്പിന് പിന്നാലെ ഓൺലൈനിൽ തൊഴിൽ വാഗ്ദാനം ചെയ്തും പണം തട്ടുന്നു. കൊവിഡ് കാലത്ത് രൂക്ഷമായ തൊഴിൽക്ഷാമം മുതലെടുത്താണ് ദയനീയാവസ്ഥയിലുള്ള യുവാക്കളെ തട്ടിപ്പ് സംഘങ്ങൾ വലയിലാക്കുന്നത്.
വമ്പൻ കമ്പനികളുടെ പേരിൽ പോലും തൊഴിൽ പരസ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ആകർഷകമായ തസ്തികകളും ശമ്പളവുമാണ് വാഗ്ദാനം ചെയ്യുന്നത്. നവമാദ്ധ്യമങ്ങൾ വഴിയാണ് പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. വ്യാജ അക്കൗണ്ടുകളിലാണ് പരസ്യം പോസ്റ്റ് ചെയ്യുന്നത്. പരസ്യം ആകർഷകമായതിനാൽ ആർക്കെങ്കിലും പ്രയോജനപ്പെടട്ടേയെന്ന് കരുതി ഷെയർ ചെയ്യും. വിശ്വാസമുള്ള അടുത്ത സുഹൃത്തുക്കൾ ഷേയർ ചെയ്തിരിക്കുന്ന പോസ്റ്റുകൾ കണ്ടാണ് പലരും പരസ്യത്തിലെ നമ്പരുകളിൽ ബന്ധപ്പെടുന്നത്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളും ഇവർ തട്ടിപ്പിന് ആയുധമാക്കുന്നു.
ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണവും യാത്ര ചെയ്യാൻ ബുദ്ധിമുട്ടും ഉള്ളതിനാൽ വീഡിയോ കാൾ വഴിയാണ് അഭിമുഖമടക്കം നടത്തുന്നത്. തൊട്ടുപിന്നാലെ പ്രമുഖ കമ്പിനികളുടെ ലോഗോ സഹിതമുള്ള നിയമനഉത്തരവ് വാട്സ് ആപ്പിലോ മെയിലിലോ എത്തും. ഇതുമായി സ്ഥാപനത്തിൽ ചെല്ലുമ്പോഴാണ് കബിളിപ്പിക്കപ്പെട്ട വിവരം അറിയുക. പക്ഷെ ഇതിന് മുൻപേ യൂണിഫോം, സാലറി അക്കൗണ്ട് തുറക്കൽ, ലാപ്ടോപ്പ് എന്നിവയുടെ പേരിൽ തൊഴിൽ അന്വേഷകരിൽ നിന്ന് പലതരത്തിൽ പണം തട്ടിയെടുക്കും. ചതിക്കപ്പെട്ടെന്ന് മനസിലായി തിരികെ ബന്ധപ്പെടുമ്പോൾ ഫോൺ പരിധിക്ക് പുറത്തായിരിക്കും. ആദ്യം പണം നിക്ഷേപിക്കാൻ കമ്പിനിയുടേതെന്ന പേരിൽ തെറ്റായ അക്കൗണ്ട് നമ്പർ നൽകും. അതിൽ പണം നിക്ഷേപിക്കാൻ കഴിയാതെ വരുമ്പോൾ ന്യൂജനറേഷൻ പണം കൈമാറ്റ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പണം തട്ടിയെടുക്കുന്നത്.
''
ഒരു തവണ കബിളിപ്പിക്കപ്പെട്ട ശേഷം ഓൺലൈനിൽ പരതിയപ്പോൾ സമാനമായ പല തട്ടിപ്പ് പരസ്യങ്ങളും കാണുന്നുണ്ട്. ഏതെങ്കിലും തൊഴിൽ ലഭിക്കാനുള്ള വ്യഗ്രതയിൽ പലരും ഇത്തരം പരസ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കാറില്ല.
സിജിൻ ശിവശങ്കരൻ, കരിക്കോട്
തട്ടിപ്പിന് ഇരയായ യുവാവ്