1

തിരുവനന്തപുരം: ഇന്ത്യയുടെ പ്രസിഡന്റാരെന്ന് ചോദിച്ചാൽ പാൽപ്പല്ലുകൾ കാട്ടി പു‌‌‌‌ഞ്ചിരിച്ചുകൊണ്ട് ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് മുതൽ രാംനാഥ് കോവിന്ദ് വരെയുള്ളവരുടെ പേരുകൾ മുറതെറ്റാതെ പറയും ശ്രാവൺ എന്ന രണ്ടരവയസുകാരൻ.

ചോദ്യം മുഖ്യമന്ത്രിമാരെക്കുറിച്ചായാൽ ഇ.എം.എസ് മുതൽ പിണറായി വരെയുള്ള പേരുകൾ പറഞ്ഞശേഷം കിലുകിലെ ചിരിക്കും. മുതിർന്നവർക്ക് പോലും ഓർത്തിരിക്കാൻ പ്രയാസമുള്ള നിരവധി വിവരങ്ങൾ മറന്നുപോകാതെ പറഞ്ഞ് വിസ്‌മയിപ്പിക്കുന്ന ശ്രാവൺ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടംനേടിയ പ്രായം കുറഞ്ഞ കുട്ടി കൂടിയാണിപ്പോൾ.

തിരുവനന്തപുരം മംഗലപുരം 'ദേവദയ'ത്തിൽ ടെക്‌നോപാർക്കിലെ ഡ്രൈവർ ദിപിന്റെയും ആതിരയുടെയും ഏകമകനാണ് ശ്രാവൺ. ആനപ്രേമിയായ അച്ഛൻ ദിപിൻ വീട്ടിലിരുന്ന് കേരളത്തിലെ പ്രശസ്തമായ ആനകളുടെ പേരുകൾ പറയുന്നത് കേട്ട് ഒന്നര വയസുള്ളപ്പോൾ ശ്രാവൺ ഇത് പറഞ്ഞുതുടങ്ങി.

ആനകളുടെ പേരുകൾ മറക്കാതെ പറയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ശ്രാവണിന്റെ ഓർമ്മശക്തി മാതാപിതാക്കൾ തിരിച്ചറിയുന്നത്. പിന്നീട് ബിരുദധാരിയായ അമ്മ ആതിര മകന്റെ ഓർമ്മശക്തി പരീക്ഷിക്കാൻ പൊതുവിജ്ഞാനങ്ങൾ പറഞ്ഞു കൊടുത്തു. ഒന്നോ രണ്ടോ പ്രാവശ്യം പറയുന്ന കാര്യങ്ങൾ എത്രദിവസം കഴിഞ്ഞാലും ശ്രാവൺ മറക്കാതെ പറയുന്നത് കണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞുകൊടുത്തു.
ദിപിന്റെ സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിൽ അപേക്ഷിച്ചത്. ഇന്ത്യയിലെ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും ,ഏഷ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ, പൊലീസ് സേനയുടെ പദവി മുദ്രകൾ (insignia) എന്നിവയടക്കം മനഃപാഠമാക്കിയ ശ്രാവണിന്റെ പ്രകടനം കണ്ട് ഒക്ടോബർ 3ന് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സ്‌ അധികൃതർ അംഗീകാരം നൽകുകയായിരുന്നു.
ഏഷ്യ ബുക്ക് ഓഫ് റെക്കാഡ്സ് ലക്ഷ്യംവച്ച് ശ്രാവണിന് കൂടുതൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയാണ് ദിപിനും ആതിരയുമിപ്പോൾ.