pic

കല്ലമ്പലം: കല്ലമ്പലം മേഖലയിലെ ഗ്രാമ പഞ്ചായത്തുകളിൽ ഭരണം നില നിറുത്താനും പിടിച്ചെടുക്കാനും വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി എൽ.ഡി.എഫും അഴിമതികൾഎണ്ണിപ്പറഞ്ഞ് യു.ഡി.എഫും തന്ത്രങ്ങൾ മെനയുമ്പോൾ ശക്തി തെളിയിക്കാൻ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പിയും ശക്തമായി രംഗത്ത്. മൂന്ന് മുന്നണികളും സ്ഥാനാർത്ഥി നിർണയം ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞു.നാവായിക്കുളം കരവാരം, മണമ്പൂർ, ഒറ്റൂർ പഞ്ചായത്തുകളിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കാൻ പോകുന്നത്.

ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന നാവായിക്കുളം, കശുവണ്ടി തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും പ്രാമുഖ്യമുള്ള പഞ്ചായത്താണ്. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണും. നിലവിൽ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ 2000 ലും 2015 ലും അതിനുമുമ്പും പലതവണ എൽ.ഡി.എഫ് ഭരണമായിരുന്നു അപൂർവ്വം അവസരങ്ങളാണ് യു.ഡി.എഫിന് ലഭിച്ചത്. ഐ.എസ്.ഒ അംഗീകാരം ലഭിച്ചതുൾപ്പെടെ ചില നേട്ടങ്ങൾ അവകാശപ്പെട്ട് ഭരണം നിലനിറുത്താൻ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് യു.ഡി.എഫ്. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു വാർഡിലും പരാജയം രുചിച്ചെങ്കിലും ഇക്കുറിയും വിജയ പ്രതീക്ഷയിൽ തന്നെയാണവർ. കിളിമാനൂർ ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരിക്കുന്ന ഏക പഞ്ചായത്താണ് നാവായിക്കുളം.

ആകെയുള്ള 22 വാർഡുകളിൽ 12 വാർഡുകളും ഇക്കുറി സംവരണമായതിനാൽ പഴയ മുഖങ്ങൾക്കും നിലവിലെ അംഗങ്ങളിൽ ബഹുഭൂരിപക്ഷത്തിനും മാറി നിൽക്കേണ്ടി വന്നു. സ്ഥാനാർത്ഥി നിർണയത്തിലും അപാകതകൾ ചൂണ്ടിക്കാട്ടി മൂന്നു മുന്നണികളിലും രൂക്ഷമായ പ്രശ്നം നടക്കുമ്പോൾ വിമതരും രംഗപ്രവേശം ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ സി.പി.എമ്മിലെ ഗ്രൂപ്പ് പോരാണ്‌ പഞ്ചായത്ത് ഭരണം നഷ്ടമാക്കിയതെന്ന അഭിപ്രായം പാർട്ടി അംഗങ്ങൾക്കിടയിലും ഘടക കക്ഷികൾക്കിടയിലുമുണ്ട്. എങ്കിലും ഭിന്നതകൾ ഒതുക്കി സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി ഒരു മുഴം മുമ്പേ കളത്തിലിറങ്ങാനുള്ള മുന്നൊരുക്കത്തിലാണ് എൽ.ഡി.എഫ്. ഘടക കക്ഷികളായ സി.പി.ഐയ്ക്ക് നാലും ജനതാദൾ എസിന് ഒരു സീറ്റും നൽകി ബാക്കിയുള്ള മുഴുവൻ സീറ്റിലും സി.പി.എം തന്നെ മത്സരിക്കും. യു.ഡി.എഫിൽ സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലാണ്.

ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളും നാവായിക്കുളം മേഖലയിലുള്ളവരാണ്. യു.ഡി.എഫ് ഘടകകക്ഷിയായ ആർ.എസ്.പിക്ക് മൂന്ന് സീറ്റ് നൽകിയിട്ടുണ്ട്. ബി.ജെ.പിയും പഞ്ചായത്തിൽ നിർണായക ശക്തിയാണ്. ബി.ജെ.പി എല്ലാ വാർഡിലും മത്സരിക്കും. പത്ത് സീറ്റ് പിടിക്കുമെന്നാണ് ഇവരുടെ അവകാശ വാദം. എസ്.ഡി.പി.ഐയും നാലു വാർഡുകളിൽ മത്സരിക്കുന്നുണ്ട്. ഇതിൽ മരുതിക്കുന്ന് വാർഡിൽ അവർ പ്രതീക്ഷ വയ്ക്കുന്നുണ്ട്. ഭരണം നിലനിറുത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ എൻ.ഡി.എഫും ശക്തമായ പോരാട്ടം തന്നെ നടത്തും.

ഒറ്റൂർ

എൽ.ഡി.എഫിന്റെ സ്ഥിരം കോട്ടയായ ഒറ്റൂരിൽ നിലവിലെ ഭരണമാണ് യു.ഡി.എഫിന് ലഭിച്ചത്. അതൊഴിച്ചാൽ ഒറ്റൂരിന്റെ ചരിത്രത്തിൽ എൽ.ഡി.എഫിനായിരുന്നു ഭരണം മുഴുവൻ. ബി.ജെ.പിക്കും വേരോട്ടമുള്ള പഞ്ചായത്താണ് ഒറ്റൂർ. മൂന്നു സീറ്റുകൾ നേടിയ ബി.ജെ.പി ഇക്കുറി എല്ലാ വാർഡുകളിലും മത്സരിക്കും. സ്ഥാനാർത്ഥി നിർണയം 95 ശതമാനം എല്ലാ മുന്നണികളിലും പൂർത്തിയായി. ഇനി പ്രചാരണം കൊഴുപ്പിക്കാനുള്ള മാർഗ്ഗങ്ങളാണ് ആലോചിക്കുന്നത്. എല്ലാ നേതാക്കളും നവമാദ്ധ്യമങ്ങളിൽ സജീവം. അതിനാൽ പ്രചാരണ രംഗം ആ രീതിയിൽ വിപുലമാകാനാണ് സാദ്ധ്യത. ആകെ സീറ്റ്: 13 യു.ഡി.എഫ്: 6, എൽ.ഡി.എഫ്: 4, ബി.ജെ.പി : 3.

കരവാരം

കോൺഗ്രസും സി.പി.എമ്മും മാറിമാറി ഭരിച്ചിട്ടുള്ള കരവാരം പഞ്ചായത്തിൽ സി.പി.എമ്മിനാണ് കൂടുതൽ സ്വാധീനം. നിലവിൽ സി.പി.എം നേതൃത്വത്തിലുള്ള ഭരണമാണ്. കൃഷി മേഖലയിലെ വിജയങ്ങൾ എടുത്തുകാട്ടിയാണ് ഇക്കുറി സി.പി.എം പ്രചാരണ രംഗത്ത്. ഭരണം പിടിക്കാൻ കോൺഗ്രസ് തീവ്രശ്രമം തുടങ്ങി. സ്ഥാനാർത്ഥി നിർണയം മികച്ച രീതിയിൽ നടത്തണമെന്നാണ് കോൺഗ്രസ് നിർദ്ദേശം. പരമാവധി സ്ഥാനാർത്ഥികൾ അതതു വാർഡിൽ നിന്ന് മതിയെന്ന് ഡി.സി.സി നിർദ്ദേശമുണ്ട്. കരവാരത്ത് ഇരുമുന്നണികളും സോഷ്യൽമീഡിയ വഴിയുള്ള പ്രചാരണം ശക്തമാക്കി. ബി.ജെ.പിയും സ്ഥാനാർത്ഥി നിർണയം നടത്തുന്ന തിരക്കിലാണ്. ആകെ സീറ്റ്: 18. എൽ.ഡി.എഫ്: 10. യു.ഡി.എഫ്: 5,ബി.ജെ.പി : 1, എസ്.ഡി.പി.ഐ: 2.

മണമ്പൂർ

യു.ഡി.എഫ് ഭരിക്കുന്ന മണമ്പൂർ പഞ്ചായത്തിലും എൽ.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറി നടത്തുക. കഴിഞ്ഞ തവണ ഒരു സീറ്റ് ലഭിച്ച ബി.ജെ.പി ഇത്തവണ കൂടുതൽ സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ്. നിലവിൽ ആകെ സീറ്റ് : 16. എൽ.ഡി.എഫ്: 6,യു.ഡി.എഫ്: 9, ബിജെപി:1.