കൊവിഡ് മഹാമാരിയുടെ ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ജീവിതശൈലിയിൽ പല മാറ്റങ്ങൾ ഉൾക്കൊണ്ട് കൊവിഡിനൊപ്പം ജീവിക്കാൻ ഒരു പരിധി വരെ നമ്മൾ ഇതിനകം പഠിച്ചു കഴിഞ്ഞു. ഇതിൽ വളരെ പ്രധാനപ്പെട്ട മാറ്റം, കുട്ടികളുടെ ക്ലാസ്റൂം ഒരു സ്‌ക്രീനിൽ ഒതുങ്ങി എന്നുള്ളതാണ്. പഠനരീതിയും കഴിവുകളും മറക്കാതിരിക്കാനും അദ്ധ്യായന വർഷം നഷ്ടപ്പെടാതിരിക്കാനും മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളെ മാറ്റിനിർത്താനാകില്ല.
പല മാതാപിതാക്കളും ഓൺലൈൻ ക്ലാസുകളെപ്പറ്റിയുള്ള ആശങ്കകൾ പങ്കുവയ്ക്കാറുണ്ട്. ഇത് മറികടക്കാൻ ആധികാരികമായ അറിവ് ആവശ്യമാണ്.
കൂടുതൽ നേരം കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കിയിരിക്കുന്നത് കുട്ടിയുടെ കണ്ണുകൾ, കഴുത്ത്, നട്ടെല്ല് എന്നിവയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. എന്നാൽ,
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അധികം ആയാസമില്ലാതെ പ്രശ്നങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാവുന്നതാണ്.
പഠിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനമാണ്. കുട്ടിയുടെ ശ്രദ്ധ തിരിക്കുന്ന മറ്റുഘടകങ്ങളില്ലാത്ത സ്ഥലം വേണം ഇതിനായി തിരഞ്ഞെടുക്കാൻ. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ പ്രത്യേകം സ്ഥലം പഠിക്കാൻ ഒരുക്കണം. മിതമായ രീതിയിൽ പ്രകാശം കിട്ടുന്ന സ്ഥലമാണ് അഭികാമ്യം.ഇരുട്ടു മുറിയും അധിക പ്രകാശമുള്ള സ്ഥലവും ഒഴിവാക്കുക. നിവർന്നിരിക്കാൻ കഴിയുന്ന രീതിയിൽ കസേരയും മേശയും ക്രമീകരിക്കുകയും വേണം.
നട്ടെല്ലിന് താങ്ങു കിട്ടുന്ന തരം കസേര ഉപയോഗിക്കുന്നതാണ് നല്ലത്. കണ്ണിന്റെ നിരപ്പിന് (ഐ ലെവലിന്) തൊട്ടു താഴെ സ്‌ക്രീൻ വരുന്നതാണ് നല്ലത്. കഴിയുമെങ്കിൽ വലിപ്പം കൂടിയ സ്‌ക്രീൻ ഉപയോഗിക്കുക. സ്‌ക്രീൻ കുറഞ്ഞത് 30 മുതൽ 40 സെന്റീമീറ്റർ അകലത്തിൽ വയ്ക്കണം. തുടർച്ചയായി സ്‌ക്രീനിൽ നോക്കുന്നത് കൊണ്ടുള്ള ആയാസം കുറയ്ക്കാനായി ഇടയ്ക്ക് ദൂരെയുള്ള ഒരു ബിന്ദുവിലേക്ക് കൂടി നോക്കാൻ കുട്ടിയോട് ആവശ്യപ്പെടാം.
ക്ലാസുകളുടെ ഇടവേളകളിൽ കുറച്ചു നേരം കണ്ണടച്ചിരിക്കുന്നതും നല്ലതാണ്. ഇടവിട്ട് കണ്ണ് ചിമ്മുന്നത് കണ്ണിന്റെ വരൾച്ച തടയാൻ സഹായിക്കും. വൈറ്റമിൻ എ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം പരിരക്ഷിക്കാൻ സഹായിക്കും. ക്ലാസുകളുടെ ഇടവേളകളിൽ എഴുന്നേറ്റ് നിൽക്കുന്നതും ചെറിയ രീതിയിലുള്ള വ്യായാമം ചെയ്യുന്നതും കഴുത്തിന്റെയും നട്ടെല്ലിന്റെയും ആയാസം കുറയ്ക്കാൻ സഹായിക്കും.
സ്‌കൂളിൽ പോകുന്നില്ലെങ്കിലും കൃത്യമായ ദിനചര്യ പാലിക്കാൻ കുട്ടികളെ നിർബന്ധിക്കണം. കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യണം. പ്രഭാത കർമ്മങ്ങൾ ചെയ്യണം. സമയത്ത് ആഹാരം കഴിക്കുക തുടങ്ങിയവ സ്‌കൂൾ ഉള്ളതുപോലെ തന്നെ തുടരാൻ പ്രോത്സാഹിപ്പിക്കുക. ഒരു ദിവസം 30 മിനിട്ടെങ്കിലും വ്യായാമം ചെയ്യുക. ഇത് അമിത വണ്ണം കുറയ്ക്കാനും കുട്ടിയുടെ ഉന്മേഷവും ആരോഗ്യവും നിലനിർത്താനും സഹായിക്കും.
ഫോണിൽ ഒരു കണ്ണുവേണം!
കുട്ടിക്ക് പഠനത്തിനായി കൊടുക്കുന്ന മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.
ക്ലാസ് സമയത്തിന് ശേഷമുള്ള മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കണം.
ആവശ്യമില്ലാത്ത സാമൂഹമാദ്ധ്യമ ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യുന്നത് നല്ലതാണ്.
സെയ്ഫ് സർച്ച്, പാരന്റിംഗ് കൺട്രോൾ എന്നിവ ഉപയോഗിക്കുകയും അതു വഴി ഫോണിന്റെ ദുരുപയോഗം ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യാം.
ക്ലാസ്സിൽ ശ്രദ്ധിക്കുന്നതു പോലെ എല്ലാ കുട്ടികളേയും ഒന്നുപോലെ ശ്രദ്ധിക്കാൻ ടീച്ചറിന് കഴിഞ്ഞെന്ന് വരില്ല. കുട്ടിയുടെ സ്വയം പ്രേരണ ഉണ്ടെങ്കിൽ മാത്രമേ ഫലവത്തായി ക്ലാസിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ. അതിന് കുട്ടിയുടെ ബുദ്ധിമുട്ടുകൾ ചോദിച്ച് മനസ്സിലാക്കണം. ആവശ്യമെങ്കിൽ അദ്ധ്യാപകനോടും സ്‌കൂൾ അധികൃതരോടും സംസാരിച്ച് ക്ലാസുകളിൽ വേണ്ട മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രദ്ധിക്കണം.
തന്നെപ്പോലെ തന്നെ മറ്റുകുട്ടികൾക്കും ഇതൊരു പുതിയ അനുഭവമാണെന്ന തിരിച്ചറിവും മാതാപിതാക്കളുടെ സഹായം ഉണ്ടെന്ന തോന്നലും കുട്ടിയിൽ ആത്മവിശ്വാസം വളർത്തും.
കുട്ടികൾ മുതിർന്നവരെ അപോക്ഷിച്ച് പെട്ടെന്ന് മാറ്റങ്ങളോട് പൊരുത്തപ്പെടുന്നവരാണ്. തുടക്കം മുതലേതന്നെ മാതാപിതാക്കളുടെ സഹായവും നിരീക്ഷണവും ഉണ്ടെങ്കിൽ ഓൺലൈൻ ക്ലാസുകൾ ഫലവത്തായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.
ഡോ.ഭവ്യ.എസ്.
പീഡിയാട്രീഷ്യൻ
എസ്.യു.ടി ആശുപത്രി, പട്ടം