തിരുവനന്തപുരം:പ്രളയവും മഴ ദുരിതങ്ങളും കൊവിഡും വികസനം അട്ടിമറിച്ച തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രതീക്ഷയേറെയും,സർക്കാർ കഴിഞ്ഞ ഏതാനും മാസങ്ങളായി എ.പി.എൽ-ബി.പി.എൽ ഭേദമില്ലാതെ മുടങ്ങാതെ നൽകുന്ന ഭക്ഷ്യകിറ്റിലും സാമൂഹ്യക്ഷേമ പെൻഷനിലുമാണ്.
1200 തദ്ദേശസ്ഥാപനങ്ങളിലായി ഏഴായിരം കോടിയാണ് ഒാരോ വർഷവും സർക്കാർ ആസൂത്രണവിഹിതമായി അനുവദിക്കുന്നത്. പ്രളയത്തിലും, മഴദുരിതത്തിലും ഇതിൽ 30ശതമാനം വെട്ടിക്കുറച്ചു.ഇൗ വർഷം കൊവിഡിൽ സാമൂഹ്യഅടുക്കളയ്ക്കും, ആരോഗ്യസുരക്ഷാ നടപടികൾക്കും തദ്ദേശഫണ്ടിൽ നിന്നാണ് തുകയെടുത്തത്. ഇതോടെ, കഴിഞ്ഞ മൂന്ന് വർഷമായി തദ്ദേശസ്ഥാപനങ്ങളിൽ വികസനം പ്രതിസന്ധിയിലാണ്. ജനകീയാസൂത്രണത്തിൽ ആടും കോഴിയും വിതരണം മുതൽ ജനങ്ങളുടെ നിർദ്ദേശങ്ങളനുസരിച്ച് റോഡ് വികസനം വരെ നടപ്പാക്കിയിരുന്നെങ്കിൽ കഴിഞ്ഞ മൂന്ന് വർഷം ഇതൊന്നും കാര്യമായി നടന്നില്ല. ഇൗ സാഹചര്യത്തിൽ, ജനങ്ങൾക്ക് സന്തോഷം നൽകുന്ന സാമ്പത്തിക സഹായങ്ങളാണ് വോട്ടെടുപ്പിൽ കാര്യമായി പ്രതിഫലിക്കുക. സംസ്ഥാനത്തെ ഒരു കോടിയോളം കുടുംബങ്ങളിൽ 60 ലക്ഷത്തിനും സാമൂഹ്യ ക്ഷേമപെൻഷനുകൾ നൽകുന്നുണ്ട്. ഇതിൽ 23ലക്ഷം പേർക്ക് നേരിട്ടാണ് . സംസ്ഥാനത്തെ 86 ലക്ഷത്തോളം കുടുംബങ്ങൾക്ക് 350 രൂപ വിലവരുന്ന ഭക്ഷ്യകിറ്റും പ്രതിമാസം നൽകുന്നു.
യു.ഡി.എഫിന്
കാരുണ്യ
14 ലക്ഷത്തോളം പാവപ്പെട്ട കുടുംബങ്ങൾക്ക് ചികിത്സാസഹായം നൽകിയിരുന്ന കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാരുണ്യ പദ്ധതി നിറുത്തലാക്കിയത് ഇടതുമുന്നണിക്ക് വിനയാകും. യു.ഡി.എഫിന് അനുകൂലവും. സർക്കാർ ജീവനക്കാരുടെയ വരുമാനത്തിൽ സർക്കാർ കൈവച്ചതും ഇടതുമുന്നണിക്ക് പ്രതികൂലമാകും.
കാർഷിക സഹായങ്ങൾ
ചൂണ്ടിക്കാട്ടി ബി.ജെ.പി
തദ്ദേശ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ബി.ജെ.പി, കേന്ദ്ര സർക്കാരിന്റെ കാർഷിക സഹായങ്ങൾ ഉയർത്തിക്കാട്ടുന്നു.കൃഷി ഭൂമി ഇൻഷ്വറൻസ് പദ്ധതിയനുസരിച്ച് 57000 പേർ പദ്ധതിയിൽ അംഗമാകുകയും ഇതിൽ 39700പേർക്ക് ആനുകൂല്യം ലഭിക്കുകയും ചെയ്തു. അഞ്ച് സെന്റ് മുതൽ 2ഹെക്ടർ വരെ കൃഷി ഭൂമിയുള്ള 34.49 ലക്ഷം പേർക്ക് ആറായിരം രൂപാവീതവും കേന്ദ്രത്തിൽ നിന്ന് കിട്ടി.
* ആകെ കുടുംബങ്ങൾ -1,00,28,709
*ഭക്ഷ്യകിറ്റ് -85.61ലക്ഷം പേർക്ക്
*സാമൂഹ്യസുരക്ഷാ
പെൻഷൻ -48,31,518 പേർക്ക്
*ക്ഷേമനിധി പെൻഷൻ -10.62,265പേർക്ക്
തദ്ദേശ സ്ഥാപനങ്ങൾക്ക്
കിട്ടിയതും ചെലവിട്ടതും
(കോടി)
2017-18 - 6194.65 -5292.71
2018-19 -6721.91 - 5696.08
2019-20 -7209.10 -4027.44
2020-21 -7275.92 -2765.39