പാലോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെങ്കിലും സ്ഥാനാർത്ഥി നിർണയത്തിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ തുടക്കത്തിലെ പൊരുത്തക്കേടുകൾ. നിലവിൽ പ്രസിഡന്റ് സ്ഥാനം വനിതക്കായിരുന്നു. സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിലേക്ക് കടന്നെങ്കിലും ചില വാർഡുകളിലെ സ്ഥാനാർത്ഥികളെെ ചൊല്ലി തർക്കം പൊടിപൊടിക്കുകയാണ്. സി.പി.എം വിട്ട് കോൺഗ്രസിസിലെത്തിയ ലൈലാ ചന്ദ്രചൂഢന് സീറ്റ് നൽകാതെ ഒഴിവാക്കിയത് ഗ്രൂപ്പ് തർക്കത്തെ തുടർന്നാണെന്നാണ് ആക്ഷേപം. നവോദയ വാർഡിലെ സ്ഥാനാർത്ഥിത്വവും തർക്കത്തിലാണ്. കെ.പി.സി.സിയുടെ സർക്കുലറിന് വിരുദ്ധമായാണ് ചില വാർഡുകളിലെ സ്ഥാനാർത്ഥി നിർണയമെന്നും പറയപ്പെടുന്നു. നിലവിലെ പഞ്ചായത്തംഗങ്ങളായ പച്ച രവി താന്നിമൂട്ടിലും, പേരയം സിഗ്നി പാണ്ടിയം പാറയിലും, ബ്ലോക്ക് മെമ്പർ ടി.കെ. വേണുഗോപാൽ ആലംപാറയിലും മത്സരിക്കും മണ്ഡലം പ്രസിഡന്റ് രാജ് കുമാർ കുറുന്താളിയിലും ഡി.സി.സി സെക്രട്ടറി ബാജിലാൽ ഇളവട്ടത്തും മുൻ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ടൗണിലും, കാനാവിൽ ഷിബു ആലുങ്കുഴിയിലും, പേരയത്ത് സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ ദീപാ മുരളിയും പാലുവള്ളിയിൽ രമണിയും മീൻമുട്ടിയിൽ ലൈലാ ജ്ഞാനദാസും പുലിയൂരിൽ പി.സനിൽകുമാറും കോൺഗ്രസ് സ്ഥാനാർത്ഥികളായേക്കും. ആർ.എസ്.പിക്ക് പച്ച വാർഡ് നൽകി. ബീന യായിരിക്കും സ്ഥാനാർത്ഥി.എൽ.ഡി.എഫിൽ സി.പി.എം-സി.പി ഐ സീറ്റ് ധാരണ പാളിയ നിലയിലാണ്. രണ്ട് സീറ്റ് സി.പി.ഐ ചോദിച്ചെങ്കിലും ഒരു സീറ്റ് മാത്രം നൽകാനാണ് തീരുമാനമെന്നറിയുന്നു. എങ്കിൽ 2015ലെ പോലെ പ്രത്യേകം മത്സരിക്കാനാണ് സി.പി.ഐ തീരുമാനം. മെമ്പർമാരായ ഉദയകുമാർ ഇളവട്ടത്തും ഷീജാ പ്രസാദ് ടൗണിലും മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രഭു പാണ്ടിയൻ പാറയിലും ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.എസ്. ഷാബി ആലംപാറയിലും, സി.ഡി.എസ് ചെയർപേഴ്സൺ ബീന കുറുപുഴയിലും പച്ച വാർഡിൽ വിനിത ഷിബു, വട്ടപ്പൻകാട് വാർഡിൽ നീതു സജീഷും മത്സരിക്കാൻ ധാരണയായി. എൻ.ഡി.എ സഖ്യം സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി. പതിനെട്ട് വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇലക്‌ഷൻ പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പാലോട് ഡിവിഷനിൽ മുൻ അംഗം സോഫി തോമസ് കോൺഗ്രസ് സ്ഥാനാർത്ഥിയാകും. പെരിങ്ങമ്മല പഞ്ചായത്ത് മെമ്പറായ റീജ ഷെനിലായിരിക്കും സി.പി.എം സ്ഥാനാർത്ഥി. ബ്ലോക്കിലെ നന്ദിയോട് ഡിവിഷനിൽ നന്ദിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ ജയപ്രകാശും, കോൺഗ്രസിൽ നിന്നും മുൻ മെമ്പർ ഉഷാ വിജയനും സ്ഥാനാർത്ഥികളാകും. നിലവിൽ 18 അംഗങ്ങളാണ് പഞ്ചായത്തിൽ. ഇതിൽ 10 സി.പി.എം, കോൺഗ്രസ് 7, ഇടത് സ്വതന്ത്രൻ 1, ബി.ജെ.പി 1 എന്നിങ്ങനെയാണ് കക്ഷി നില.